നഗരത്തിലെ ചെടിച്ചട്ടികൾ നശിപ്പിച്ചയാൾ പിടിയിൽ
text_fieldsപത്തനംതിട്ട: നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടികളും ചെടിയും വ്യാപകമായി നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെട്ടിപ്രം വഞ്ചികപ്പൊയ്‌ക നെല്ലിക്കാട്ടിൽ അജി (49) ആണ് പിടിയിലായത്. വ്യാപാര സ്ഥാപനങ്ങളുടെ കാമറ ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഞായർ രാത്രിയിലാണ് സംഭവം. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഭരണസമിതിയാണ് നഗരത്തിലെ നടപ്പാതയിലെ കൈവരികളിൽ ചട്ടി സ്ഥാപിച്ച് ചെടി നട്ടത്. ജനറൽ ആശുപത്രി മുതൽ മിനി സിവിൽ സ്‌റ്റേഷൻ വരെ ഭാഗത്താണ് ചെടി നട്ടിരുന്നത്. നഗരസഭ ജീവനക്കാരും വ്യാപാരികളും ദിവസവും പരിപാലിച്ചു വരികയായിരുന്നു.
കാർഷിക ഗ്രാമവികസന ബാങ്കിനുസമീപം മുതൽ മസ്‌ജിദ് ജങ്‌ഷൻ വരെ സ്ഥാപിച്ചിരുന്ന 15ഓളം ചട്ടികളാണ് നശിപ്പിച്ചത്. ചെടികളും പിഴുത് കളഞ്ഞു. അജി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.


