സുന്ദരിയാണ് നാറാണംമൂഴി; വിനോദസഞ്ചാര വകുപ്പിന് അത്ര പിടിച്ചിട്ടില്ല
text_fieldsകട്ടിക്കല്ലരുവി വെള്ളച്ചാട്ടം
വിനോദസഞ്ചാര ഭൂപടങ്ങളിൽ ഏറെ പ്രകീർത്തിച്ചിട്ടില്ലെങ്കിലും കാടിെൻറ വന്യഭംഗിയും നിരവധി വെള്ളച്ചാട്ടങ്ങളും കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നയിടമാണ് ജില്ലയുടെ കിഴക്കേ അറ്റത്ത് ശബരിമലക്കാടുകളുടെ അടിവാരത്തുള്ള നാറാണംമൂഴി പഞ്ചായത്ത്.
പെരുന്തേനരുവി ഉൾപ്പെടെ നിരവധി നയനമനോഹര വെള്ളച്ചാട്ടങ്ങളാണ് പതഞ്ഞൊഴുകുന്നത്. ഇവിടങ്ങളിലെല്ലാം സഞ്ചാരികളെത്തുന്നുണ്ടെങ്കിലും സുരക്ഷയും സൗകര്യങ്ങളുമൊക്കെ വരുന്നവർ സ്വയം കരുതിക്കൊള്ളണം എന്ന നയമാണ് വിനോദ സഞ്ചാരവകുപ്പിനുള്ളത്. പത്തനംതിട്ടയിൽ നിന്ന് 26 കിലോമീറ്ററുകൾ അകലെ പത്തനംതിട്ട ശബരിമല പാതയിലെ പെരുനാട്ടിൽ നിന്നും നാലുകിലോമീറ്റർ സഞ്ചരിച്ചാൽ നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയതെത്താം.
ഇവിടെനിന്നും പമ്പാനദിയുടെ തീരത്തുകൂടി വീതികുറഞ്ഞ ടാർ റോഡിൽകൂടി രണ്ടു കിലോമീറ്റർ കിഴക്കോട്ടുസഞ്ചരിച്ചാൽ കിഴക്കുനിന്ന് അവസാനത്തേതും പടിഞ്ഞാറുനിന്ന് ആദ്യത്തേതുമായ പമ്പാനദിയിലെ കൊടുമ്പുഴ അരുവിയിലെത്താം. കാനനവാസത്തിന് പുറപ്പെട്ട രാമലക്ഷ്മണൻമാരെയും സീതയെയും ഗുഹൻ തോണിയിലേറ്റി പുഴകടത്തിയെന്ന ഐതിഹ്യമുള്ള തോണിക്കടവ് എന്ന ഗ്രാമത്തിലാണ് കരിമ്പാറകളിൽ തട്ടി ചിന്നിച്ചിതറിയൊഴുകുന്ന കൊടുമ്പുഴ അരുവി. ശാന്തമായി ഒഴുകിയെത്തുന്ന പുഴ ഇവിടെയെത്തുമ്പോൾ രൗദ്രഭാവം പൂണ്ട് ഒഴുകുന്നതുകൊണ്ടാണ് കൊടുംപുഴ എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്.
കുറ്റാലവും തോൽക്കും പനങ്കുടന്തക്ക് മുന്നിൽ, പക്ഷേ...
വിനോദസഞ്ചാരവകുപ്പിന് ഇന്നും അജ്ഞാതമായ പനങ്കുടന്ത വെള്ളച്ചാട്ടത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്നുണ്ട്. പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാൾ പത്തിരട്ടി വലിപ്പമുള്ളതും 11 തട്ടുകളുള്ളതുമാണ് പനങ്കുടന്ത വെള്ളച്ചാട്ടം. പൂർണമായും വനംവകുപ്പിെൻറ അധീനതയിലുള്ള ഈ സ്ഥലം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ സമാനതകളില്ലാത്ത കാഴ്ചയും വികസനവും സാധ്യമാകും.
വന്യമായ കാടിെൻറ നടുവിലൂടെ ഒരു സാഹസികയാത്ര ഇഷ്ടപ്പെടുന്നവർ എത്തിച്ചേരുന്ന ഇടമാണ് പനങ്കുടന്ത അരുവി. ഏതാനും വർഷം മുമ്പുവരെ ജീപ്പും ലോറിയും മറ്റും കടന്നുപോകുമായിരുന്ന ഇൗ കാട്ടുപാത വനനിയമങ്ങൾ ശക്തമായതോടെ ഇടിഞ്ഞുപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കുരുമ്പൻമൂഴി ഗ്രാമത്തിെൻറ കിഴക്കേ അറ്റത്ത് കാടിെൻറ നടുവിലാണ് പനങ്കുടന്ത വെള്ളച്ചാട്ടം. ശബരിമലവനത്തിെൻറ പടിഞ്ഞാറൻ മലഞ്ചരുവുകളിൽ ഉത്ഭവിച്ച് പമ്പാനദിയിൽ ചേരുന്ന ചെറുനദിയാണ് കുരുമ്പൻമൂഴിക്ക് സമീപം പനങ്കുടന്ത വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഒന്നര കിലോമീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിെൻറ ഏറ്റവും താഴെ നൂറുമീറ്റർ അകലെവരെ വാഹനമെത്തും.
പനംകുടന്ത വെള്ളച്ചാട്ടം
വെള്ളച്ചാട്ടം പൂർണമായി കണ്ട് ആസ്വദിക്കണമെങ്കിൽ കുരുമ്പൻമൂഴിയിൽ താമസിക്കുന്ന നാട്ടുകാരുടെ സഹായത്തോടെ ചെങ്കുത്തായ മലമ്പാതയിലൂടെ കാടുകയറിയേ മതിയാകൂ. അല്ലാതെ ടൂറിസം വകുപ്പ് ഇവിടെ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. വന്യമായ പാറക്കെട്ടുകളിലൂടെ ആകാശത്ത് പാൽക്കുടം തട്ടിമറിഞ്ഞതുപോലെ 11 തട്ടുകളിൽ ചിന്നിച്ചിതറി പനങ്കുടന്ത വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. കാട്ടാനയുൾപ്പെടെ വന്യമൃഗങ്ങളുള്ള ഇടമാണ്. അതിനാൽ ഇൗ നിബിഡവനപ്രദേശത്തേക്ക് പോകുവാൻ ഇവിടുത്തെ നാട്ടുകാരുടെ സഹായം അനിവാര്യമാണ്. അത്യപൂർവമായ ഒാർക്കിഡുകളും മലവാഴകളും അപൂർവ സസ്യങ്ങളും ഒൗഷധസസ്യങ്ങളും പനങ്കുടന്തയിൽ ധാരാളം കാണാം. മഴക്കാലത്ത് ചെങ്കുത്തായി പതിക്കുന്ന വെള്ളച്ചാട്ടത്തിലൂടെയുള്ള മത്സ്യങ്ങളുടെ യാത്ര കൗതുക കാഴ്ചയാണ്.
കട്ടിക്കല്ലരുവി വെള്ളച്ചാട്ടം
തോണിക്കടവിൽനിന്ന് അരക്കിലോമീറ്റർ പിന്നിട്ടാൽ ഉന്നത്താനി എന്ന ഗ്രാമമായി. ഇവിടെയാണ് കല്ലിൽ പ്രകൃതി കരവിരുതു തീർത്ത കട്ടിക്കല്ലരുവി എന്ന വെള്ളച്ചാട്ടം. കിലോമീറ്ററുകളോളം നീണ്ട പാറകൾക്ക് വൈവിധ്യമാർന്ന ശിൽപരൂപം നൽകിയിരിക്കുന്നു. അബ്സ്ട്രാക്ട് ശിൽപങ്ങളെ അനുസ്മരിപ്പിക്കുന്ന വമ്പൻകല്ലുകൾ നിറഞ്ഞ സ്ഥലമായതിനാൽ ഇവിടം കട്ടിക്കല്ലരുവി എന്നപേരിൽ അറിയപ്പെടുന്നു. ഇവിടേക്ക് പമ്പാനദിയുടെ മറുകരയായ കടുമീൻചിറ വഴി എത്തിയാൽ വെള്ളച്ചാട്ടത്തിെൻറ സമീപംവരെ വാഹനമെത്തുന്നതിനാൽ ഇവിടമിപ്പോൾ വിനോദസഞ്ചാരികളെ കൂടാതെ ആൽബം ഷൂട്ടിങ്ങുകാരുടെയും വിവാഹ ഒൗട്ട്ഡോർ ഷൂട്ടിങ്ങുകാരുടെയും താവളമാണ്. എന്നാൽ, ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കാനോ അവർക്കുവേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാനോ നാളിതുവരെ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. ഒരു പേക്ഷ, വിനോദ സഞ്ചാരികൾ എത്തുന്ന ഇത്തരം രണ്ട് വെള്ളച്ചാട്ടങ്ങളെപ്പറ്റി ബന്ധപ്പെട്ട വകുപ്പിന് അറിയുമോയെന്നും സംശയമുണ്ട്.
(തുടരും)