ജീവിച്ചിരിക്കുന്നയാൾ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കത്തയച്ച് പഞ്ചായത്ത്
text_fieldsമരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്തിൽനിന്ന് ലഭിച്ച കത്തുമായി ഗോപിനാഥൻ നായർ
കോന്നി: മരിക്കാത്ത 60കാരന് മരിച്ചെന്നു കാണിച്ച് ഗ്രാമ പഞ്ചായത്തിന്റെ കത്ത്. യു.ഡി.എഫ് ഭരിക്കുന്ന പ്രമാടം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലാണ് സംഭവം. പ്രമാടം ഇളകൊള്ളൂർ സ്വദേശി മടൂർ മുരുപ്പേൽ ഗോപിനാഥൻ നായർക്കാണ് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് കത്തയച്ചത്.
സ്ഥിരമായി സാമൂഹിക പെൻഷൻ വാങ്ങുന്ന ആളാണ് ഗോപിനാഥൻ. എന്നാൽ ഇദ്ദേഹം മരിച്ചതായി അറിയിപ്പ് ലഭിച്ചതിനാൽ പെൻഷൻ ആനുകൂല്യം റദ്ദാക്കാൻ ആവശ്യമായ മരണ സർട്ടിഫിക്കറ്റ്, ആധാർ പകർപ്പ് എന്നിവ മൂന്നു ദിവസത്തിനുള്ളിൽ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. രേഖകൾ നൽകിയില്ലെങ്കിൽ ഇദ്ദേഹത്തിന് ലഭിക്കുന്ന പെൻഷൻ തുക നോമിനിയുടെ അക്കൗണ്ടിൽനിന്ന് ഈടാക്കുമെന്നും കത്തിൽ പറയുന്നു. മരിക്കാത്ത ആൾ മരിച്ചെന്നു കാണിച്ച് വീട്ടിൽ കത്ത് വന്ന അമ്പരപ്പിലാണ് വീട്ടുകാരും.


