ഇൻസ്റ്റഗ്രാം സൗഹൃദം: വീട് വിട്ട 17കാരിയെ കണ്ടെത്തി
text_fieldsപന്തളം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു വീടുവിട്ട പന്തളത്തുനിന്നുള്ള 17 കാരിയെയും അടൂർ സ്വദേശിയായ 19 കാരനെയു ട്രെയിൻ യാത്രക്കിടെ പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെൺകുട്ടിയെ കാണാതായത്. പലയിടങ്ങളിൽ അന്വേഷിച്ചു ഫലം കാണാതെ ബന്ധുക്കൾ പന്തളം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് തെരച്ചിലിൽ ഇരുവരെയും ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തി.
പന്തളം എസ്.എച്ച്.ഒ ടി ഡി പ്രജീഷ്, എസ്.ഐ അനീഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുമുള്ള സംഘമാണ് അതിവേഗം കുട്ടികളെ കണ്ടെത്തിയത്. ആൺകുട്ടിയെ കാണാതായതിൽ അടൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദത്തിലായതെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ നിരന്തരം ശ്രമിക്കുന്നതിനിടെ ഒരാളുടെ ഫോൺ ഓണായി. ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇരുവരും തിരിച്ചുള്ള യാത്രയിലാണെന്ന് വ്യക്തമായി. പരശുറാം എക്സ്പ്രസ് ട്രെയിനിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.