മാലിന്യം തള്ളുന്നവരെ പിടികൂടാൻ ചിറമുടിയിൽ ഇനി ആറു നിരീക്ഷണ കാമറകൾ
text_fieldsപന്തളം: പൂഴിക്കാട് ചിറമുടിയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ചിറമുടി സംരക്ഷണ സമിതി സ്ഥാപിച്ച ആറ് നിരീക്ഷണ കാമറ പ്രവർത്തിച്ചു തുടങ്ങി. ചിറമുടിയിലെ കുളത്തിലും സമീപത്തെ തോട്ടിലും ശുചിമുറി മാലിന്യം അടക്കം തള്ളുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ സമിതി രൂപവത്കരിച്ചതും കാമറ സ്ഥാപിക്കാൻ തീരുമാനിച്ചതും. സ്ഥാപിച്ചവയിൽ രണ്ടെണ്ണം എ.ഐ കാമറകളാണ്.
ചിറമുടിയുടെ സംരക്ഷണത്തിന് വിപുലമായ പദ്ധതിയാണ് സമിതി തയാറാക്കിയിട്ടുള്ളത്. കാമറകളുടെ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചിറമുടിയിൽ സർക്കാർ പ്രഖ്യാപിച്ച വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായുള്ള പ്രപ്പോസൽ കലക്ടർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
3.5 കോടിയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. പ്രാരംഭ ജോലികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. മാലിന്യം തള്ളുന്ന ഐരാണിക്കുടി, തോണ്ടുകണ്ടം അടക്കമുള്ള മറ്റ് സ്ഥലങ്ങളിലും എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കാമറ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൗൺസിലർ പന്തളം മഹേഷ്, ഫാ. മാത്യു വലിയപറമ്പിൽ, ആനി ജോൺ തുണ്ടിൽ, സമിതി സെക്രട്ടറി സുജി ബേബി, എസ്. അജയകുമാർ, ജി. പൊന്നമ്മ, കെ.എം. രാധാകൃഷ്ണൻ നായർ, ടി.എസ്. രാധാകൃഷ്ണൻ, സമിതി ട്രഷറർ കെ.ഡി. വേണു, വൈസ് പ്രസിഡന്റ് പാപ്പൻ മത്തായി സംസാരിച്ചു.