ഏഷ്യന്‍ നീര്‍പക്ഷി കണക്കെടുപ്പ്; പക്ഷികളുടെ എണ്ണത്തിൽ വർധന
text_fieldsഏഷ്യന്‍ നീര്‍പക്ഷി കണക്കെടുപ്പ് നടത്തുന്നു
പന്തളം: ജില്ലയിലെ പ്രധാന നീര്ത്തടങ്ങളില് നടന്ന നീര്‍പക്ഷി കണക്കെടുപ്പില്‍ പക്ഷി ഇനങ്ങളുടെ എണ്ണത്തിൽ മുന്‍വർഷത്തെക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തി. അതേസമയം പക്ഷികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലാകമാനം എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നീര്‍പക്ഷി കണക്കെടുപ്പ് നടന്നത്.
ജില്ലയിൽ 10 പ്രധാന നീര്ത്തടങ്ങളിലായിരുന്നു കണക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം വരെ 8 നീർത്തടങ്ങളിലാണ് സർവ്വേ നടന്നിരുന്നത്. നീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക ആരോഗ്യവും ദേശാടകരും സ്ഥിരവാസികളുമായ പക്ഷികളെയും സഞ്ചാര രീതികളും മനസ്സിലാക്കുന്നതിനാണ് കണക്കെടുപ്പ്.
65 ഇനങ്ങൾ; 7873 പക്ഷികൾ
ഇപ്രാവശ്യത്തെ കണക്കെടുപ്പില്‍ 65 ഇനങ്ങളിലായി 7873 പക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 67 ഇനത്തില്‍ പെട്ട 6174 പക്ഷികളുടെ കണക്കാണ് ലഭിച്ചത്. ഠനപ്രദേശത്ത് കാണപ്പെട്ട എല്ലാ പക്ഷികളുടെയും വിവരം ശേഖരിച്ചിരുന്നു. ജില്ലയിലെ 113 ഇനത്തിൽ പെട്ട പക്ഷികളുടെ വിവരങ്ങളാണ് ശേഖരിക്കാനായത്. പന്തളം കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽ ഭാഗത്തു നിന്നുമാണ് ഇപ്രാവശ്യം ഏറ്റവും കൂടുതൽ പക്ഷികളെ രേഖപ്പെടുത്തിയത്. ഇവിടെ 49 ഇനങ്ങളിലെ 1832 പക്ഷികളെ കണ്ടിരുന്നു. ഏറ്റവും കുറവ് വള്ളിക്കോട് വയലിലാണ്. 21 ഇനത്തിൽ പെട്ട 243 പക്ഷികൾ.
ദീര്‍ഘദൂര ദേശാടകരായ വലിയ പുള്ളിപ്പരുന്ത്, കരിതപ്പി, ചതുപ്പന്‍, പൊൻമണൽക്കോഴി, ആറ്റുമണല്‍ക്കോഴി, പച്ചക്കാലി, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, പുള്ളികാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, കരി ആള, മഞ്ഞ വാലുകുലുക്കി, ചുണ്ടൻകാട എന്നിവയുൾപ്പെടെ 34 ഇനങ്ങളെ നിരീക്ഷിച്ചു.
നീർപക്ഷികണക്കെടുപ്പിന്റെ വിവരങ്ങൾ സംസ്ഥാന കോഡിനേറ്ററായ ഡോ. പി.ഒ. നമീർ വഴി വെറ്റ്ലാന്റ് ഇന്റർനാഷണലിനും വിശദ റിപ്പോര്‍ട്ട് തയാറാക്കി വനംവകുപ്പിനും കൈമാറുമെന്ന് പത്തനംതിട്ട ബേഡേഴ്സ് കോഡിനേറ്ററായ ഹരി മാവേലിക്കര''മാധ്യമ''ത്തോടെ പറഞ്ഞു. ജില്ലയിലെ നീർത്തടങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളാവിഷ്കരിക്കാൻ കണക്കെടുപ്പ് വിവരങ്ങൾ വിനിയോഗിക്കുമെന്ന് വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റര്‍ ബി. രാഹുൽ പറഞ്ഞു.
തരിശിടലും അധിനിവേശ സസ്യങ്ങളും; നീർത്തടങ്ങൾ ഭീഷണിയിൽ
തരിശിട്ടും അധിനിവേശസസ്യങ്ങളുടെ കടന്നുകയറ്റത്താലും ഖരമാലിന്യനിക്ഷേപത്താലും ജില്ലയിലെ എല്ലാ നീർത്തടങ്ങളും നിലനിൽപു ഭീഷണിയിലാണെന്ന് കണക്കെടുപ്പ് സംഘങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങൾക്കു മുമ്പ് വിവിധ ജാതിയിലുള്ള വലിയ പക്ഷിക്കൂട്ടങ്ങൾക്ക് അഭയാരണ്യമായിരുന്നതും ഉളനാട് പ്രദേശത്തിന്റെ ശുദ്ധജലസ്രോതസ് കൂടിയായിരുന്നതുമായ പോളച്ചിറ ഇന്ന് വലിയ പാരിസ്ഥിതിക തകർച്ച നേരിടുന്നതായി ഇവിടുത്തെ സർവേ സംഘാംഗമായിരുന്ന പത്തനംതിട്ട ബേഡേഴ്സ് പ്രസിഡന്റ് ജിജി സാം പറഞ്ഞു.
നിരീക്ഷണം; കണക്കെടുപ്പ്
പക്ഷിനിരീക്ഷകരും പക്ഷി ഫോട്ടോഗ്രാഫർമാരും വനംവകുപ്പുദ്യോഗസ്ഥരും സ്കൂൾ-കോളജ് വിദ്യാർഥികളും അടങ്ങിയ സംഘങ്ങൾ രാവിലെ 6.30 മുതൽ 10.30 വരെ ഓരോ നീർത്തടങ്ങളിലും മുൻനിശ്ചയിക്കപ്പെട്ട പാതയിലുടെ നടന്ന് ബൈനോക്കുലർ, കാമറ എന്നിവയുടെ സഹായത്തോടെ നിരീക്ഷിച്ചാണ് കണക്കെടുപ്പ് നടത്തിയത്.
പന്തളം , കരിങ്ങാലി പുഞ്ചയിലെ ചേരിക്കല്‍, പൂഴിക്കാട് ഭാഗങ്ങൾ, മാവര പുഞ്ച, വള്ളിക്കോട് വയൽ, ഉളനാട് പോളച്ചിറ, ആറന്മുള- നാല്ക്കാലിക്കല് നീര്‍ത്തടം, നന്നൂർ ഇഞ്ചന്ചാല്, കവിയൂര്‍ പുഞ്ച, അപ്പര്‍ കുട്ടനാടൻ നീർത്തടങ്ങളായ ഇടിഞ്ഞില്ലം, മേപ്രാല്‍ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണക്കെടുപ്പ്.
പത്തനംതിട്ട ബേഡേഴ്സ് പ്രസിഡന്റ് ജിജി സാം, കോഡിനേറ്റർ ഹരി മാവേലിക്കര, അംഗങ്ങളായ അലൻ അലക്സ്, റോബിൻ. സി. കോശി, പത്തനംതിട്ട സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ബി. രാഹുൽ, റേഞ്ച് ഓഫിസർമാരായ മുഹമ്മദ് സൗബീർ, ഷൂഹൈബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ എസ്. അമ്പാടി, ശ്രീവിജയ്, സിജു, ജോർജ്എസ്. ജോർജ്, ഹരീഷ്, ഹരികുമാർ മാന്നാർ, ടോണി ആന്റണി എന്നിവരും വിവിധ സംഘങ്ങളെ നയിച്ചു.
കൊല്ലം ബേഡിങ് ബറ്റാലിയൻ, കോട്ടയം നേച്ചർ സൊസൈറ്റി, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളിലെ അംഗങ്ങളും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, മാവേലിക്കര ബിഷപ് മൂർ കോളജ്, പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥിളും കണക്കെടുപ്പിൽ പങ്കാളികളായി.