സഞ്ചാരികളെ കാത്ത് ചേരിയക്കൽ ഗ്രാമം
text_fieldsചേരിയക്കൽ പാടശേഖരത്തെ സൂര്യാസ്തമയം
പന്തളം: സഞ്ചാരികളെ കാത്ത് ചേരിയക്കൽ ഗ്രാമം. വേനലവധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും അവധി ആഘോഷിക്കാൻ ഇവിടേക്ക് എത്തിത്തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ അതിർത്തി പങ്കിടുന്ന ചേരിയക്കൽ കരിങ്ങാലി പാടശേഖരത്തിൽ മൂന്നുകുറ്റി പാടശേഖരത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന സ്ഥലം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കുതിപ്പൊന്നും ഇല്ലെങ്കിലും വേനലിലെ കിതപ്പ് ലഘൂകരിക്കാൻ മികച്ച ഇടമാണ്.
പന്തളത്തെ ടൂറിസം രൂപരേഖ തയാറാക്കാൻ ഡി.ടി.പി.സി ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും ഇവിടെയാണ്. ഇതിനു മുന്നോടിയായി ചേരിക്കൽ കരിങ്ങാലി പുഞ്ച, പൂഴിക്കാട് ചിറമുടി എന്നിവിടങ്ങളിൽ ഡി.ടി.പി.സി ഉദ്യോഗസ്ഥർ സന്ദർശിച്ചു. കുരമ്പാലയിലെ ആതിരമല, ചേരിക്കൽ കരിങ്ങാലി പാടശേഖരം, മുട്ടാർ നീർച്ചാൽ, പൂഴിക്കാട് ചിറമുടി എന്നിവയാണ് ആദ്യ പരിഗണനയിലുള്ളത്.
ഇതിൽ കരിങ്ങാലി പുഞ്ചയിൽ വാരുകൊല്ല ഭാഗത്ത് 3.25 ഏക്കർ സ്ഥലം ഉപയോഗയോഗ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആതിരമലയിലെ സ്ഥല ലഭ്യത പരിശോധിക്കാൻ സർവേ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പന്തളം ജങ്ഷനിലൂടെ കടന്നു പോകുന്ന മുട്ടാർ നീർച്ചാലാണ് പരിഗണിക്കുന്നവയിൽ മറ്റൊന്ന്.
ചാലിൽ ഉപയോഗയോഗ്യമായ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ചു നഗരസഭയോട് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, നഗരസഭ ഇതുവരെ വിവരങ്ങൾ നൽകിയിട്ടില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.