അച്ചൻകോവിലാറിന് കുറുകെ പാലങ്ങളുടെ നിർമാണം വൈകുന്നു
text_fieldsഅച്ചൻകോവിലാറിന്
കുറുകെ മുളമ്പുഴ-ഞെട്ടൂർ
കരകളെ ബന്ധിപ്പിച്ച്
പണിയുന്ന വയറപ്പുഴ
പാലത്തിന്റെ നിർമാണം
പന്തളം: പ്രതികൂല കാലാവസ്ഥ അച്ചൻകോവിലാറിനു കുറുകെ പാലത്തിന്റെ നിർമാണം വൈകിക്കുന്നു. മുളമ്പുഴ-ഞെട്ടൂർ കരകളെ ബന്ധിപ്പിച്ച് പണിയുന്ന വയറപ്പുഴ പാലത്തിന്റെയും തുമ്പമൺ മണ്ണാകടവ് പാലത്തിന്റെയും പണി ആറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ തടസ്സപ്പെട്ടിരിക്കുകയാണ്. വയറപ്പുഴ പാലത്തിന്റെ തൂണുകളുടെ പണി ഇപ്പോൾ പുരോഗമിക്കേണ്ടതാണ്. തൂൺ നിർമാണം ഏതാണ്ട് പൂർത്തിയായി. തുടർ പണികൾക്ക് കാലവർഷം തടസ്സമായിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ മുടങ്ങിപ്പോയ ആറ്റിന്റെ മധ്യഭാഗത്തെ തൂൺ നിർമാണം പുനരാരംഭിക്കാനായിട്ടില്ല. ജലനിരപ്പ് താഴ്ന്നാൽ ഈ ആഴ്ച പുനരാരംഭിക്കും. നടുവിലെ തൂൺ കൂടി പൂർത്തിയായാൽ പ്രധാന വാർപ്പിലേക്ക് കടക്കും. മുളമ്പുഴ കരയിലെ തൂണിന്റെ പണി പൂർത്തിയായതോടെ പ്രധാന വാർപ്പിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. പന്തളത്തും തുമ്പമണിലുമായി രണ്ടു പാലങ്ങളുടെ പണിയാണ് പൂർത്തിയാവുന്നത്.
അച്ചൻകോവിലാർ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയുടെ ഭാഗത്തെ പ്രധാന പാലങ്ങളുടെ പണിയാണ് അവസാന ഘട്ടത്തിലേക്കെത്തുന്നത്. തുമ്പമൺ-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാകടവ് പാലവും പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ പാലവും. ഇരു പാലങ്ങളും യാഥാർഥ്യമായാൽ പന്തളം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് അൽപം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ .
ഓണക്കാലമായതോടെ പന്തളത്ത് വലിയ ഗതാഗതക്കുരുക്കാണ്. എം.സി. റോഡിൽ മറ്റൊരു പ്രധാന ജങ്ഷനിലും ഇല്ലാത്തത്ര തിരക്കാണ് പന്തളത്ത് ദിവസങ്ങളായി അനുഭവപ്പെടുന്നത്.
നാഷണൽ ഹൈവേ പണി നടക്കുന്നതിനാൽ ദീർഘദൂര സ്വകാര്യ വാഹനങ്ങൾ, നാഷണൽ പെർമിറ്റ് ലോറികൾ തുടങ്ങിയവ എം.സി. റോഡിലൂടെയാണ് ഇപ്പോൾ അധികവും കടന്നുപോകുന്നത്.
വയറപ്പുഴ പാലം പൂർത്തിയായാൽ മാവേലിക്കര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് പന്തളം ജങ്ഷനിൽ എത്താതെ കുളനടയിലെത്തി എം.സി. റോഡിലേക്ക് കയറാം.
തുമ്പമൺ, കൈപ്പട്ടൂർ വഴി അടൂർ ഭാഗത്തുനിന്ന് എത്തുന്നവർക്കും പന്തളം ജങ്ഷനിലെത്താതെ കുളനടയിലെത്തി എം.സി.റോഡിൽ പ്രവേശിക്കാനാവും. ഇതിനൊപ്പം എം.സി. റോഡ് നവീകരണം കൂടി സാധ്യമായാൽ പന്തളത്ത് ഗതാഗത കുരുക്ക് പൂർണമായും ഇല്ലാതാകും.