വ്ലോഗർക്കെതിരെ മോശം പരാമർശം; വയോധികൻ അറസ്റ്റിൽ
text_fieldsജനാർദ്ദനൻ ജനു
പന്തളം: ആശാ പ്രവർത്തകരെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത വ്ലോഗറെ അതിക്ഷേപിച്ചയാളെ പന്തളം പൊലീസ് പിടികൂടി. തൃശൂർ കുന്നംകുളം പഴഞ്ഞി അരുവായ് തയ്യിൽ വീട്ടിൽ ജനാർദനൻ ജനുവാണ് (61) പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽ റീൽസും മറ്റും ചെയ്യാറുള്ള തിരുവനന്തപുരം സ്വദേശിനി പത്തനംതിയിൽ ജോലി ചെയ്യുകയാണ്.
ഇവർ ആശാവർക്കർമാരുടെ സമരത്തിന് അനുകൂലമായി നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നു. കൂട്ടത്തിൽ ഈമാസം ആറിനിട്ട പോസ്റ്റിനു താഴെ കമന്റ് ബോക്സിലാണ് ഇയാൾ മോശം അഭിപ്രായങ്ങൾ കുറിച്ചത്. യുവതിയെ അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയും ഇവർക്കും മാതാവിനും എതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തതിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പന്തളത്ത് വാടകക്ക് താമസിക്കുന്ന യുവതി 11ന് പന്തളം സ്റ്റേഷനിൽ പരാതി നൽകി. ഇവരുടെ മൊഴി എസ്.സി.പി ഒ. ശരത് പി. പിള്ള രേഖപ്പെടുത്തി. എസ്.ഐ അനീഷ് എബ്രഹാമാണ് കേസ് രജിസ്റ്റർ ചെയ്തത്.