ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റപ്പെട്ട് വയോധിക
text_fieldsകമലമ്മ
പന്തളം: ഏകാന്തതയിൽ ഒറ്റപ്പെട്ട വയോധിക ജീവിതം മുന്നോട്ട് പോകാനാകാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നു. തട്ട കീരുകുഴി ഭാഗവതിക്കും പടിഞ്ഞാറ് ആര്യാട്ടേത്തു വീട്ടിൽ കമലമ്മയാണ് (73) ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നത്.
അവിവാഹിതയായ കമലമ്മ സഹോദരിമാർക്ക് ഒപ്പമായിരുന്നു താമസം. സഹോദരിമാരുടെ മരണശേഷം ഒറ്റപ്പെട്ട കമലമ്മ ഈ വീട്ടിൽ താമസിച്ചു വരുകയായിരുന്നു. വീട് മഴയിൽ ചോർന്നൊലിച്ച് ഏതുനിമിഷവും നിലംപതിക്കുന്ന അവസ്ഥയിലാണ്. കമലമ്മയുടെ ജീവിതാവസ്ഥ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടുകൂടിയാണ് നാട്ടുകാർ അറിയുന്നത്.
സംഭവം ശ്രദ്ധയിൽപെട്ട കലക്ടർ പ്രേംകുമാർ വയോധിക താമസിക്കുന്ന വീട്ടിലെത്തി. കമലമ്മയുടെ പുനരധിവാസം വേഗത്തിലാക്കാൻ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. വീട് പുതുക്കുന്നതിനും മറ്റുമായി വില്ലേജ് ഓഫിസർ നടപടി സ്വീകരിച്ചു.