മുറിച്ചുമാറ്റിയ മരച്ചില്ലകൾക്കൊപ്പം ജീവനുവേണ്ടി പിടയുന്ന ദേശാടന കിളികൾ നൊമ്പരക്കാഴ്ചയായി
text_fieldsസ്വാമി അയ്യപ്പൻ റോഡിന് വശത്തുണ്ടായിരുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റിയപ്പോൾ കൂടുനഷ്ടപ്പെട്ട ദേശാടന പക്ഷികൾ
പന്തളം: മുറിച്ചുമാറ്റിയ പാതയോരത്തെ മരച്ചില്ലകൾക്കൊപ്പം ജീവനുവേണ്ടി പിടയുന്ന ദേശാടന കിളികൾ നൊമ്പരക്കാഴ്ചയായി. സ്വാമി അയ്യപ്പൻ റോഡിന് വശത്തുണ്ടായിരുന്ന മരങ്ങളുടെ ചില്ലകളാണ് നഗരഭയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച മുറിച്ചുനീക്കിയത്. പന്തളം നഗരസഭയുടെ പുതിയ പ്രൈവറ്റ് ബസ്റ്റാൻഡ് ഉദ്ഘാടനത്തിനായി ചൊവ്വാഴ്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തുന്നതിന്റെ ഭാഗമായായിരുന്നു നടപടി.
പരിസരത്തെ മരങ്ങളിൽ പതിവായി ദേശാടന കിളികൾ കൂടുകൂട്ടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മരച്ചില്ലകളിൽ കൂടുകൂട്ടി മുട്ടകളിട്ട് വിരിഞ്ഞ് പക്ഷികൾ മടങ്ങുകയാണ് പതിവ്. ഇക്കുറിയും മുറിച്ചുമാറ്റിയ മരച്ചില്ലകളിലടക്കം നിരവധി പക്ഷികളാണ് കൂടുകൂട്ടിയിരുന്നത്. മുറിഞ്ഞുവീണ ചില്ലകൾക്കിടയിൽ ചിതറിയ മുട്ടകളും പിടക്കുന്ന പക്ഷിക്കുഞ്ഞുങ്ങളും ഹൃദയഭേദകമായ കാഴ്ചയായി.
നേരത്തെ, പന്തളം പബ്ലിക് മാർക്കറ്റിനു മുമ്പിൽ 2023 ജൂൺ ഏഴിന് 2.2 ലക്ഷം ചെലവിട്ട് നഗരസഭ മരച്ചില്ലകൾ മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് പക്ഷിശല്യം ഒഴിവാക്കാൻ മരം വലയിട്ട് സംരക്ഷിക്കുകയും ചെയ്തു. ഇവിടെ തമ്പടിക്കുന്ന നൂറുകണക്കിന് പക്ഷികളുടെ കാഷ്ഠം നിരത്തിൽ വീഴുന്നതു മൂലമുള്ള മാലിന്യപ്രശ്നം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ജൈവവൈവിധ്യ ബോർഡ് അനുവദിച്ച 2,20,000 രൂപയാണ് ശിഖരം മുറിച്ചു വലയിടാൻ നഗരസഭ വിനിയോഗിച്ചത്.