നിയമം ലംഘിച്ചാൽ പിടിവീഴും; സർക്കാർ വാഹനമാണെങ്കിലും
text_fieldsപന്തളം: റോഡ് ഗതാഗത നിയമങ്ങൾ ലംഘിച്ച് നിരത്തിലോടുന്ന സർക്കാർ വാഹനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സർക്കാർ വാഹനങ്ങളാണെന്നതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ ഇല്ലെന്നതു ചൂഷണം ചെയ്യുന്നതായി ബോധ്യപ്പെട്ടതോടെയാണ് നടപടി. ഗതാഗത നിയമം ലംഘിച്ചു നിരത്തിലോടുന്ന സർക്കാർ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
നിരവധി സർക്കാർ ബോർഡുകൾ സ്ഥാപിച്ച് എം.സി റോഡിലൂടെ വാഹനങ്ങൾ പായുകയാണ്. സർക്കാറിന് മാത്രം രേഖപ്പെടുത്തിയ വാഹനത്തിൽ വകുപ്പുതല ബോർഡുകൾ ഉണ്ടാകില്ല. ഇത്തരം വാഹനങ്ങൾ ഔദ്യോഗികമാണോ എന്ന് കണ്ടെത്താനും പരിശോധന നടത്തുന്നത്.
നിശ്ചിത സമയം അനുവദിച്ചിട്ടും നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ അടുത്ത ദിവസം മുതൽ പരിശോധന നടത്തും. ജില്ലയിൽ പല വകുപ്പുകളും ഉപയോഗിക്കുന്ന വാഹനങ്ങൾ ഇൻഷുറൻസ് പുതുക്കുന്നില്ല, ഡ്രൈവർമാരുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കുന്നില്ല, സർക്കാർ വാഹനങ്ങളിൽ ഭൂരിഭാഗവും മലിനീകരണ സർട്ടിഫിക്കറ്റ് എടുക്കുന്നില്ല തുടങ്ങിയവ ശ്രദ്ധയിൽപെട്ടിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
എന്നാൽ, ചില വകുപ്പുകളിൽ പഴക്കമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. വിവിധ വകുപ്പുകൾക്കായി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങളും സമാനമായി നിയമലംഘനം നടത്തുന്നുണ്ട്. നിയമലംഘനത്തിനു സർക്കാർ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയാൽ അതത് വകുപ്പ് മേലധികാരികളാകും മറുപടി നൽകേണ്ടത്. വാഹനങ്ങൾക്ക് ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാറിന് രേഖപ്പെടുത്തിയ വാഹനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു പരിശോധന നടത്തും.