നഗരസഭയുടെ പരിശോധനകൾ കടലാസിലൊതുങ്ങുന്നു; നടപ്പാതകൾ കൈയേറി കച്ചവടം, കാൽനടക്കാർ റോഡിൽ
text_fieldsപന്തളം: നടപ്പാതകളിൽ കൈയ്യേറ്റം കാരണം കാൽനടയാത്ര റോഡിലേക്ക് മാറുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. പന്തളം നഗരത്തിൽ തിരക്കേറിയ മാർക്കറ്റ് റോഡിൽ വഴി നടക്കാൻ ഇടമില്ലാതെ കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്.
വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും നടപ്പാത നിർമിച്ചിട്ടുണ്ടെങ്കിലും കടകളുടെ അനധികൃത ഇറക്കുകളും നടപ്പാതയിൽ സാധനങ്ങൾ വെച്ചിരിക്കുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ ഇതിനിടയിലൂടെ നെട്ടോട്ടമോടുകയാണ്.
പച്ചക്കറി, പലചരക്ക്, വീട്ടുപകരണങ്ങൾ എന്നിങ്ങനെ ഉൽപന്നങ്ങൾ നടപ്പാതയിലേക്ക് ഇറക്കിയാണ് പലരുടെയും കച്ചവടം. കൂടാതെ വഴിയോരക്കച്ചവടക്കാരുമെത്തും.
കടമുറികൾ വാടകക്കെടുത്താലും ഉള്ളിൽ സാധനങ്ങൾ പേരിനുമാത്രം വെക്കുകയും വിൽപനക്കുള്ളവ റോഡിലേക്ക് ഇറക്കി തട്ട് ഇട്ട് വിൽക്കുന്നവരെയും കാണാം. സ്വകാര്യ ബസുകൾ നിർത്തി ആളെ കയറ്റുമ്പോഴും എതിരെ വാഹനങ്ങൾ എത്തുമ്പോഴും നടന്നുപോകാൻ നന്നേ പ്രയാസമാണ്.
അനധികൃത ഇറക്കുകൾ നീക്കം ചെയ്യാൻ നഗരസഭ മുന്നിട്ടിറങ്ങിയെങ്കിലും എതിർപ്പുകൾ ശക്തമാകുമ്പോൾ നടപടി കടലാസിൽ ഒതുങ്ങുകയാണ് പതിവ്. നീക്കം ചെയ്ത ഇറക്കുകൾ വ്യാപാരികൾ പുനഃസ്ഥാപിക്കുകയും ചെയ്തു. നിലവിൽ പരിശോധനയും നടക്കുന്നില്ല.