പൊങ്കൽ സമ്മാനം; തമിഴ്നാട് സ്വദേശികൾ കൂട്ടമായി നാട്ടിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
പന്തളം: തമിഴ്നാട് സ്വദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക്. റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ പ്രമാണിച്ച് തമിഴ്നാട് സർക്കാർ 3000 രൂപ വിതരണം ചെയ്യാൻ ആരംഭിച്ചതോടെയാണ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ചത്. റേഷൻ കാർഡുള്ള 2.22 കോടി കുടുംബങ്ങൾക്കും ശ്രീലങ്കൻ തമിഴ് പുനരധിവാസക്യാമ്പുകളിലെ താമസക്കാർക്കും 3000 രൂപ ലഭിക്കും. വിളവെടുപ്പുത്സവമായ പൊങ്കൽ കൂടുതൽ അർഥവത്താക്കുന്നതിനായാണ് നേരത്തേ പ്രഖ്യാപിച്ച സ്പെഷൽ പാക്കേജിനു പുറമേ പണം കൂടി നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. പൊങ്കലിന് പണം സമ്മാനമായി നൽകുന്നതിന് സർക്കാറിന് വേണ്ടി വരുന്നത് 6936.17 കോടി രൂപയാണ്. പൊങ്കൽ സ്പെഷൽ പാക്കേജിൽ ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണ് നൽകുന്നത്.


