ശമ്പളത്തിന് കാലതാമസം; െഗസ്റ്റ് അധ്യാപകർക്കായി നെട്ടോട്ടം
text_fieldsപന്തളം: ശമ്പളം ലഭിക്കാനുള്ള കാലതാമസം എയ്ഡഡ് സ്കൂളുകളിൽനിന്ന് ഗസ്റ്റ് അധ്യാപകരെ അകറ്റുന്നു. ഭിന്നശേഷി സംവരണ വിഷയത്തിൽ തട്ടി നിയമനം നിലച്ചിരിക്കുന്നതിനാൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചാണ് പല സ്കൂളുകളും മുന്നോട്ടുപോകുന്നത്. എന്നാൽ ഗസ്റ്റ് അധ്യാപകരാകാൻ ഉദ്യോഗാർഥികൾ മടിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സർക്കാർ സ്കൂളുകളിലെ ഗസ്റ്റ് അധ്യാപകർക്ക് ഓരോ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നതിനാൽ ഗവ. സ്കൂളുകളിൽ വലിയ പ്രതിസന്ധിയില്ല. എയ്ഡഡ് സ്കൂളുകളിലെ ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നത് വിദ്യാഭ്യാസ വർഷം പൂർത്തിയായശേഷം മാത്രമാണ്. കഴിഞ്ഞ വിദ്യാഭ്യാസ വർഷം ഗസ്റ്റ് അധ്യാപകരായി മാസങ്ങളോളം ജോലി ചെയ്ത പല ഉദ്യോഗാർഥികൾക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.
ഉദ്യോഗാർഥികൾ ഓഫിസുകൾ കയറിയിറങ്ങിയാൽ മാത്രമേ ഒരുവർഷത്തിനകമെങ്കിലും ശമ്പളം ലഭിക്കൂ എന്നതാണ് അവസ്ഥ. സർക്കാർ ഗസ്റ്റ് അധ്യാപകർക്ക് നിഷ്കർഷിക്കാത്ത വിവിധ സർട്ടിഫിക്കറ്റുകളും എയ്ഡഡ് ഗസ്റ്റ് അധ്യാപകർക്ക് ആവശ്യമാണ്. നിലവിൽ മിക്ക ഹയർസെക്കൻഡറി സ്കൂളുകളിലും പല വിഷയങ്ങളും പഠിപ്പിക്കാൻ ഒന്നോ രണ്ടോ അധ്യാപകർ മാത്രമാണുള്ളത്. സ്കൂളിലെ അധ്യയനം മുന്നോട്ടുപോകണമെങ്കിൽ ഗസ്റ്റ് അധ്യാപകർ കൂടിയേ തീരൂവെന്ന സാഹചര്യം നിലനിൽക്കുമ്പോൾ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പോലും ഉദ്യോഗാർഥികൾ മടിക്കുകയാണ്.
വിരമിച്ച വിവിധ തസ്തികകളിലെ നിയമനവും പ്രിൻസിപ്പലിന്റെ എട്ട് പീരിയഡിന് ശേഷം അവശേഷിക്കുന്ന പീരിയഡിലെ നിയമനവും സ്ഥിരാധ്യാപകർ നീണ്ട അവധിയെടുത്തുപോകുമ്പോൾ പകരം നടക്കുന്ന നിയമനങ്ങളുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.


