ബലാത്സംഗ കേസിലെ പ്രതി അതേ കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിൽ
text_fieldsആഷിക് സുധീഷ്
പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ മുമ്പ് പ്രതിയായ യുവാവ് അതേ പെൺകുട്ടിയുടെ മൊഴിപ്രകാരമെടുത്ത പോക്സോ കേസിൽ റിമാൻഡിലായി. കവിയൂർ വീഴൽഭാഗം മുരിങ്ങൂർകുന്നിൽ ആഷിക് സുധീഷാണ് (19) പന്തളം പൊലീസിന്റെ പിടിയിലായത്. 16കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതിന് കഴിഞ്ഞവർഷം ഇയാൾക്കെതിരെ പന്തളം പൊലീസ് കേസ് എടുത്തിരുന്നു.
ഈവർഷം ജനുവരി 20 മുതൽ പ്രതി പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സന്ദേശങ്ങൾ അയക്കുകയും ഇയാളുടെ ഫോണിൽനിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു. മാർച്ച് ആറിന് തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടർന്ന്, കുട്ടിയോട് നഗ്നഫോട്ടോകൾ ഫോണിലൂടെ അയക്കാൻ ആവശ്യപ്പെട്ടു.
പിറ്റേദിവസം ഫോണിൽ വിളിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് നിരന്തരം ഭീഷണിപ്പെടുത്തി. 12ന് ഇതുസംബന്ധിച്ച വിവരം സ്റ്റേഷനിൽ ലഭിച്ചതിനെതുടർന്ന് എസ്.ഐ അനീഷ് എബ്രഹാം അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംസ്ഥാനം വിട്ട പ്രതിയെ ഹൊസൂരിൽനിന്ന് ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാഴാഴ്ച വൈകീട്ട് പിടികൂടി. പൊലീസ് ഇൻസ്പെക്ടർ ടി ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് എബ്രഹാം, സി.പി.ഒമാരായ എസ്. അൻവർഷാ, കെ. അമീഷ്, കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.