കടയ്ക്കാട് തെരുവ് നായ് ശല്യം അതിരൂക്ഷം; ജനം ഭീതിയിൽ
text_fieldsപന്തളം: കടയ്ക്കാട് മേഖലയിൽ തെരുവ് നായ് ശല്യം രൂക്ഷം. കാൽനട, ഇരുചക്ര വാഹന യാത്രക്കാർ തെരുവ് നായുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി പാളിയതോടെ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വന്ധ്യംകരണം നടക്കാതെയായി. തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതിയൊന്നും തദ്ദേശ സ്ഥാപനങ്ങൾക്കില്ല.
കഴിഞ്ഞ രണ്ടുദിവസമായി കടയ്ക്കാട് വടക്ക് പ്രദേശത്തെ നിരവധി പേരെ നായ്ക്കൾ കടിച്ചിരുന്നു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് തെരുവ് നായ്ക്കൾ കൂടി വന്നതോടെ നാട്ടുകാർ ഇരട്ടിദുരിതത്തിലായി. സ്കൂൾ കുട്ടികൾ ഉൾപ്പടെ ഭയപ്പാടിലാണ്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ പട്ടിയെ തുരത്താൻ കയ്യിൽ കുറുവടികൾ കരുതേണ്ട നിലയിലാണ്.
ഇരുചക്ര വാഹന യാത്രികർക്ക് തെരുവ് നായ്ക്കൾ മരണക്കെണി ഒരുക്കുകയാണ്. നായ് കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. റോഡിൽ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കൾക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ റോഡുവക്കിൽ തള്ളുന്നുണ്ട്. തെരുവ് നായ് ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.