ഇക്കുറി അയ്യപ്പൻ തുണച്ചില്ല, പന്തളത്ത് തണ്ടൊടിഞ്ഞ് താമര
text_fieldsപന്തളം: ഇക്കുറി അയ്യപ്പൻ തുണച്ചില്ല, താമര തണ്ട് ഒടിഞ്ഞ് പന്തളം നഗരസഭ. കഴിഞ്ഞ തവണ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം പ്രചാരണ ആയുധമാക്കി നഗരസഭയിൽ 18 സീറ്റ് നേടി അധികാരത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഒമ്പത് സീറ്റിൽ നഗരസഭയിൽ മൂന്നാമതെത്തി. 14 സീറ്റ് വാങ്ങി എൽ.ഡി.എഫ് ഭരണം തിരിച്ചു പിടിച്ചു. യു.ഡി.എഫ് 11 സീറ്റ് നേടി നില മെച്ചപ്പെടുത്തി.
ഒമ്പത് സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് 14 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി ഭരണത്തിൽ ഉണ്ടായ കലഹവും സീറ്റ് വിഭജനത്തിലെ തർക്കവും വിമത ശല്യവും ഇത്തവണ പാർട്ടിക്ക് തിരിച്ചടിയാകുകയായിരുന്നു. യു.ഡി.എഫിലായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കൗൺസിലർ കെ.ആർ. രവിയെ അവസാന നിമിഷം ബി.ജെ.പി പക്ഷത്തെത്തിക്കുകയും മത്സരിപ്പിക്കാൻ തീരുമാനിച്ചതും ബി.ജെ.പിയിലെ ഒരുവിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.
ആഗോള അയ്യപ്പസംഗമത്തിന് ബദലായി സംഘ്പരിവർ സംഘടനകൾ പന്തളത്ത് സംഗമം സംഘടിപ്പിച്ചെങ്കിലും ബി.ജെ.പിക്ക് അത് ഗുണം ചെയ്തില്ല. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി നടത്തിയ മൂന്നു മേഖല ജാഥയുടെ സമാപനം പന്തളത്ത് സംഘടിപ്പിച്ച് കരുത്ത് തെളിയിച്ചതും കോൺഗ്രസിന് ഗുണമായി. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡന്‍റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ലസിത നായരെ സി.പി.എമ്മിലെ ഒരുവിഭാഗം പരാജയപ്പെടുത്തിയതായി ആരോപണമുണ്ട്.


