ഖുർആൻ വചനങ്ങൾ കാലിഗ്രാഫിയിലൊരുക്കി യു.പി സ്വദേശി
text_fieldsകാലിഗ്രഫിയിൽ പേനകൊണ്ട് എഴുതിയ യാസീൻ വചനങ്ങളുമായി ഹാഫിസ് അബുൽ ഹാസ് ഹുസൈനി
പന്തളം: ഖുർആൻ വചനങ്ങൾ കാലിഗ്രഫിയിൽ പേനകൊണ്ട് എഴുതി ശ്രദ്ധേയനാകുകയാണ് യു.പി സ്വദേശി ഹാഫിസ് അബുൽ ഹാസ് ഹുസൈനി. പന്തളം കടക്കാട് മുസ്ലിം ജുമാമസ്ജിദിലെ ബാങ്ക് വിളിക്ക് നേതൃത്വം നൽകുന്ന മുഅദ്ദിനും റമദാനിലെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഉത്തരപ്രദേശ് മൗ ജില്ലയിലെ അഹമ്മദ് നഗർ സ്വദേശി ഹാഫിസ് അബുൽ ഹാസ് ഹുസൈനി മനോഹരമായ രീതിയിൽ യാസീൻ പൂർത്തീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
ചെറുപ്പം മുതലേ അറബി കാലിഗ്രഫിയിൽ പല ചിത്രങ്ങളും എഴുത്തുകളും കണ്ട് ആകർഷനായാണ് ഖുർആൻ വചനത്തിലെ പ്രധാന അധ്യായമായ യാസീൻ പേനകൊണ്ട് എഴുതി മനോഹരമാക്കിയത്. കട്ടികൂടിയ പേപ്പർ ഫ്രെയിമിൽ തയാറാക്കി നിരവധി ഫൗണ്ടൻ പേനകൾ ഉപയോഗിച്ചാണ് ഖുർആൻ വചനങ്ങൾ പൂർത്തീകരിക്കുന്നത്. രണ്ടുദിവസംകൊണ്ട് യാസീൻ പൂർണമായും എഴുതി പൂർത്തീകരിക്കും. ഇത് ശ്രദ്ധയിൽപെട്ട പലരും ഇദ്ദേഹത്തിൽനിന്ന് ഇത് വാങ്ങാറുണ്ട്.
ഹുസൈനിയുടെ പ്രധാന ഗുരു പിതാവ് ഹാഫിസ് മൗലാന നിയാസ് റഹ്മാൻ ഖാസിമി ഹുസൈനിയാണ്. ഏഴുമക്കളിൽ രണ്ടാമനായ ഹുസൈനി പിതാവ് നടത്തുന്ന ഉത്തർപ്രദേശിലെ മദ്റസ ഇസ്ലാമികയിൽനിന്നാണ് മതപഠനം ആരംഭിക്കുന്നത്. തുടർന്ന് മഹാരാഷ്ട്രയിലെ തഹ്ലിമുദ്ദീൻ മദ്റസയിൽനിന്നും ഖുർആൻ പഠനം പൂർത്തീകരിച്ചു. 2024 മേയിലാണ് ആദ്യമായി പന്തളം എത്തിയത്. പന്തളം മക്കാ മസ്ജിദിലെ ഇമാം ഹാഫിസ് മുഹമ്മദ് ഹർഷിദ് ഹുസൈനി എന്ന ബന്ധുവഴിയാണ് ഇദ്ദേഹം സേവനത്തിനായി കടക്കാട് മുസ്ലിം പള്ളിയിൽ എത്തുന്നത്.