വി.എസിന്റെ പന്തളവുമായുള്ള ആത്മബന്ധം
text_fieldsപന്തളത്തെ മുളക്കൽ വീട്ടിലെത്തിയ വി.എസ് ഉച്ചഭക്ഷണം കഴിക്കുന്നു. വയലാർ രവി, പന്തളം സുധാകരൻ എന്നിവർ
സമീപം (ഫയൽ ചിത്രം)
പന്തളം: വി.എസ്. അച്യുതാനന്ദന് പന്തളത്തിന്റെ മണ്ണുമായി ഏറെ ആത്മബന്ധം. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ തറവാടായ പന്തളം മുളമ്പുഴ മുളയ്ക്കൽ വീടിനോടും അദ്ദേഹം ഏറെ അടുപ്പം പുലർത്തിയിരുന്നു. ഇടതുപക്ഷ ആശയങ്ങൾ മുറുകെ പിടിച്ച രണ്ടുപേരെന്ന നിലയിലും സമരങ്ങൾക്ക് തോളോടുതോൾ ചേർന്ന് പോരാടിയതിന്റെ ബന്ധവും ഇരുവരെയും ഏറെ അടുപ്പമുള്ളവരാക്കിയിരുന്നു.
2010ൽ മുഖ്യമന്ത്രിയായിരിക്കെയാണ് വി.എസ് പന്തളത്തെ എം.എൻ. ഗോവിന്ദൻ നായരുടെ തറവാട്ടിൽ എത്തിയത്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പന്തളത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് വി.എസ് പന്തളത്തെ മുളക്കൽ വീട്ടിലെത്തുന്നത്. അവിടെ ഏറെ സമയം ചെലവിട്ട് ഭക്ഷണവും കഴിച്ചാണ് ഉദ്ഘാടന സ്ഥലത്ത് വി.എസ് എത്തിയത്. രാത്രി ഏറെ വൈകിയാണ് വി.എസ് പന്തളത്തിൽനിന്ന് മടങ്ങിയത്.
കോൺഗ്രസ് നേതാക്കളായ, വയലാർ രവി, പന്തളം സുധാകരൻ കവയിത്രി സുഗതകുമാരി അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി അഡ്വ. അനന്തഗോപൻ എന്നിവരും മറ്റ് നേതാക്കളും അന്ന് അദ്ദേഹത്തോടൊപ്പം മുളക്കൽ വീട്ടിൽ എത്തിയിരുന്നു. പന്തളം ശിവജിനി ഓഡിറ്റോറിയത്തിൽ നടന്ന ജന്മദിന ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം.എന്നിന്റെ പേരിലുള്ള പുരസ്കാരവും നൽകിയ ശേഷമാണ് വി.എസ് പന്തളം വിട്ടതെന്ന് എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവളും ജില്ല പഞ്ചായത്ത് മുൻ അംഗവുമായ എ. ഗിരിജകുമാരി അനുസ്മരിക്കുന്നു. പന്തളം രക്തസാക്ഷി ദിനാചരണ വേളകളിലും വി.എസ് പ്രവർത്തകർക്ക് ആവേശമായി പൊതുസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. പന്തളം നിയമസഭ മണ്ഡലത്തിൽ വി. കേശവന് വേണ്ടിയും വി.എസ് തെരഞ്ഞെടുപ്പ് സമയത്ത് എത്തിയിരുന്നു.