യാത്രക്ക് വലഞ്ഞ് മലയോരം
text_fieldsകോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോ ഉദ്ഘാടനം കാത്തുകിടക്കുമ്പോഴും കോന്നിയുടെ പ്രധാന മലയോര മേഖലയിലേക്കും മുമ്പ് മികച്ച വരുമാനം ലഭിച്ചിരുന്ന റൂട്ടുകളിൽ പലയിടത്തേക്കും സർവിസില്ല. സർവിസുകൾ പലതും വെട്ടിക്കുറക്കുകയും ചെയ്തു. കോന്നി-തണ്ണിത്തോട്-കരിമാൻതോട് സർവിസാണ് ഇതിൽ പ്രധാനം. സൂപ്പർ ഫാസ്റ്റുകൾ അടക്കം നിരവധി ബസ് ഓടിയിരുന്ന റൂട്ടിൽ ഇന്ന് കെ.എസ്.ആർ.ടി.സി ബസ് ഇല്ല.
ലോക്ഡൗൺ കാലത്ത് താൽക്കാലികമായി നിർത്തിയതാണ് കരിമാൻതോട് സർവീസ്. മറ്റ് സർവീസുകൾ പുനരാരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്ക് മാത്രം കെ.എസ്.ആർ.ടി.സി എത്തിയില്ല. ഈ റൂട്ടുകൾ ഇപ്പോൾ സ്വകാര്യ ബസുകൾ കൈയടക്കി. ഊട്ടുപാറ - കോന്നി - പത്തനംതിട്ട ബസ് ആണ് മറ്റൊന്ന്. പുളിഞ്ചാണി അടക്കം പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കോന്നിയിലേക്ക് വരുവാൻ ഏറെ പ്രയോജനം ചെയ്തിരുന്ന ബസും ഇന്നില്ല. കോന്നിയുടെ പ്രധാന മലയോര മേഖലയിൽ ഒന്നായ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലേക്കുള്ള സർവീസുകളും വെട്ടിച്ചുരുക്കി.
സാധാരണക്കാരായ കർഷകർ അടക്കം താമസിക്കുന്ന സ്ഥലത്ത് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ഈ ബസുകൾ. തണ്ണിത്തോട്ടിലെ തന്നെ മറ്റൊരു പ്രദേശമായ മണ്ണീറയിലും കെ.എസ്.ആർ.ടി.സി മുമ്പ് സർവീസ് നടത്തിയിരുന്നു. സ്വകാര്യ ബസ് മാത്രമാണ് ഇതുവഴിയുള്ളത്. വനപ്രദേശമായ ഇവിടെനിന്ന് സാധാരണക്കാരായ നിരവധി കുട്ടികളാണ് തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ പ്രദേശങ്ങളിൽ സ്കൂളുകളിൽ വന്നുപോകുന്നത്. മുണ്ടോൻമൂഴി പാലത്തിന് സമീപം ബസ് ഇറങ്ങുന്ന ഇവർ കിലോമീറ്ററുകൾ വനത്തിലൂടി യാത്ര ചെയ്തു വേണം വീടുകളിൽ എത്താൻ.
കോന്നിയിലെ പ്രധാന റോഡുകളിൽ ഒന്നാണ് കോന്നി -ചന്ദനപ്പള്ളി -അടൂർ റോഡ്. മികച്ച റോഡായിട്ടും കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ല. നാമമാത്രമായ സ്വകാര്യ ബസുകളാണ് ഈ വഴി കടന്നുപോകുന്നത്. പൂങ്കാവ്, വാഴമുട്ടം, താഴൂർ കടവ്, വള്ളിക്കോട്, ചന്ദനപ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്നവർ മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ബസുകളോ സ്വകാര്യ വാഹനങ്ങളോ കിട്ടുക.


