ആശങ്കയിൽ നഴ്സിങ് വിദ്യാർഥികൾ; പത്തനംതിട്ട ഗവ. നഴ്സിങ് കോളജിന് അംഗീകാരമില്ല
text_fieldsപത്തനംതിട്ട നഗരത്തിൽ കാതോലിക്കേറ്റ് കോളജ് ജങ്ഷനിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ നഴ്സിങ് കോളജ്
പത്തനംതിട്ട: പത്തനംതിട്ടയിലെ ഗവ. നഴ്സിങ് കോളജിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐ.എൻ.സി) അംഗീകാരം ഇല്ലെന്ന് വ്യക്തമായതോടെ വിദ്യാർഥികൾ ആശങ്കയിൽ. ഒന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിങ് ഫലം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തടഞ്ഞുവെച്ചു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കോളജ് തുടങ്ങിയതാണ് കാരണം. ഇതോടെ 60ഓളം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. രണ്ടാം സെമസ്റ്റർ പരീക്ഷ അടുത്തു വരുകയാണ്, ഇതും എഴുതാൻ കഴിയില്ല. യാതൊരു സൗകര്യങ്ങളുമില്ലാതെയാണ് പത്തനംതിട്ട നഗരത്തിൽ കാതോലിക്കേറ്റ് കോളജ് ജങ്ഷനിലെ വാടകക്കെട്ടിടത്തിൽ എട്ടുമാസം മുമ്പ് പുതുതായി തുടങ്ങിയ സർക്കാർ നഴ്സിങ് കോളജ് പ്രവർത്തിക്കുന്നത്.
മതിയായ അധ്യാപകരോ ലാബോ ഒരു കോളജ് ബസോ ഇവിടെ ഇല്ല. നിന്നുതിരിയാൻ ഇടമില്ലാത്ത മുറികൾ. കെട്ടിടത്തിന് മുന്നിലൂടെ സദാസമയവും വാഹനങ്ങൾ പോകുന്നതിന്റെ ഒച്ചയും ബഹളവും കാരണം ക്ലാസിൽ ഇരിക്കാൻ പോലും ആവാത്ത അവസ്ഥ. പരാതിപ്പെടുന്ന വിദ്യാർഥികളെ അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തുടക്കത്തിൽ നഴ്സിങ് കൗൺസിൽ പരിശോധന സമയത്ത് പുറത്തുനിന്ന് അധ്യാപകരെ എത്തിച്ച് പരിശോധനതന്നെ അട്ടിമറിക്കുകയായിരുന്നു.
മാനദണ്ഡങ്ങൾ ഇവ
നഴ്സിങ് കോളജ് പ്രവർത്തിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡങ്ങള്‍ നിഷ്കർഷിക്കുന്നുണ്ട്. രണ്ടര ഏക്കർ സ്ഥലത്ത് നഴ്സിങ് കോളജിന്റെ കാമ്പസുണ്ടാകണം. 23,200 ചതുരശ്ര അടിയിൽ കെട്ടിട സൗകര്യങ്ങൾ, സയൻസിങ് ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യൂട്രീഷ്യൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, പ്രീ ക്ലിനിക്കൽ ഹെൽത്ത് ലാബ്, കമ്പ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം.
21,100 ചതുരശ്ര അടിയിൽ ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം. മതിയായ പ്രവൃത്തിപരിചയമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഒരു പ്രഫസർ, രണ്ട് അസോ. പ്രഫസർമാർ, മൂന്ന് അസി. പ്രഫസർമാർ 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍.
ആരോഗ്യ മന്ത്രിക്കെതിരെ രക്ഷാകർത്താക്കൾ
കോന്നി മെഡിക്കൽ കോളജിനോടുബന്ധിച്ച് നഴ്സിങ് കോളജ് പ്രവർത്തിക്കാൻ എല്ലാ സൗകര്യവും ഉണ്ടെന്നിരിക്കെ പത്തനംതിട്ടയിലെ കുടുസുമുറിയിൽതന്നെ പ്രവർത്തിക്കണമെന്നത് മന്ത്രി വീണ ജോർജിന്റെ താൽപര്യമാണന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ആറന്മുള മണ്ഡലത്തിൽനിന്നും നഴ്സിങ് കോളജ് വിട്ടുകൊടുക്കാൻ അവർ തയാറല്ല. എന്നാൽ, നഴ്സിങ് കോളജിന് അനുയോജ്യമായ സൗകര്യവും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും ആറന്മുള മണ്ഡലതിൽ ഒരുക്കാനും മന്ത്രിക്ക് കഴിയുന്നില്ല.
സർക്കാർ ഗാരന്റി പറഞ്ഞതിനാലാണ് അഡ്മിഷൻ നേടിയത്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുകയും തുടർന്ന് സമര പരിപാടികൾ ആരംഭിക്കുമെന്നും പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
ദുരിതത്തിൽ വിദ്യാർഥികൾ
പ്ലസ് ടുവിന് 1000ന് മുകളിൽ മാർക്ക് വാങ്ങി മെറിറ്റിൽ പ്രവേശനം നേടിയ സമർഥരായ കുട്ടികളാണ് മുഴുവൻപേരും. ഇതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികളുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാലക്കാട്ടുനിന്നുള്ള ഒരു എസ്.ടി വിഭാഗത്തിലെ വിദ്യാർഥിനി പഠനംനിർത്തി. പുറത്തെ ഹോസ്റ്റൽ ഫീസ്, ഭക്ഷണച്ചെലവ്, ബസ് നിരക്ക് ഇവക്കൊക്കെ മാസം വലിയ തുക വേണ്ടിവരുന്നുണ്ട്. 6000 രൂപയോളം മാസവാടക നൽകിയാണ് കണ്ണങ്കരയിൽ കുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നത്.
വിദ്യാർഥികളുടെ ഭാവി തുലാസിൽ
പുതിയ നഴ്സിങ് കോളജിന് ആരോഗ്യശാസ്ത്ര സർവകലാശാല അഫിലിയേഷൻ നൽകണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ നിരാക്ഷേപപത്രവും ഇന്ത്യൻ നഴ്സിങ് കൗൺസിൽ, കേരള നഴ്സിങ് കൗൺസിൽ എന്നിവയുടെ അംഗീകാരവും വേണം.
നിലവിലുള്ള കോളജുകളിൽ സീറ്റ് കൂട്ടാനും ഇത് ആവശ്യമാണ്. സർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് ഐ.എൻ.സി.യുടെ അംഗീകാരമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ആരോഗ്യശാസ്ത്ര സർവകലാശാല താൽക്കാലികാനുമതി നൽകിയത്. വൈകാതെ ഐ.എൻ.സി അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിർദേശം നൽകിയിരുന്നു.
കോളജുകൾ ഇത് പാലിക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ ഫലം തടഞ്ഞുവെച്ചത്. ഇതോടെ അംഗീകാരമില്ലാതെ കോളജ് തുടങ്ങിയതിന്റെ പ്രത്യാഘാതം ഇപ്പോൾ വിദ്യാഥികൾ അനുഭവിക്കേണ്ടിവന്നിരിക്കയാണ്.
സമരം ചെയ്താൽ മാർക്ക് കുറക്കുമെന്ന് ഭീഷണി
കുട്ടികൾ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രിൻസിപ്പൽ ഇന്റേണൽ മാർക്കുൾപ്പെടെ കുറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പറയുന്നു. കേരള നഴ്സിങ് കൗൺസിൽ പരിശോധനയിലും കേരള യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ പരിശോധനയിൽ ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നാണ് കണ്ടെത്തിയത്. പരാതി പറയുമ്പോൾ പുതിയ കെട്ടിടവും ബസും മറ്റ് സൗകര്യങ്ങളും ഉടൻ ഏർപ്പാട് ചെയ്യുമെന്നാണ് മറുപടി. എട്ടു മാസമായി ഇവിടെ പഠിക്കുന്ന 60 കുട്ടികളും രക്ഷിതാക്കളും ഇത് കേൾക്കുകയാണ്. പി.ടി.എ പിരിവെടുത്താണ് ഉച്ചഭാഷിണിപോലും വാങ്ങി നൽകിയത്.
പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ
എന്നാൽ, പത്തനംതിട്ടയിലെ നഴ്സിങ് കോളജില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. രണ്ടര ഏക്കറിൽ കാമ്പസ് വേണമെന്നിരിക്കെ പത്തനംതിട്ട നഗരത്തിന്റെ ഒത്ത നടുക്ക് റോഡുവക്കിലെ ഈ വാടകക്കെട്ടിടമാണ് നഴ്സിങ് കോളജെന്ന ബോർഡുംവെച്ച് പ്രവർത്തിക്കുന്നത്.
പ്രിൻസിപ്പലും രണ്ട് താൽക്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. അനാട്ടമി ക്ലാസ് ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അപ്പുറമുള്ള കോന്നി മെഡിക്കൽ കോളജിലാണ്. അങ്ങോട്ടേക്ക് പോകാൻ കോളജ് ബസില്ല. പ്രാക്ടിക്കൽ ജനറൽ ആശുപത്രിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷിതാക്കൾ മാറി മാറി പരാതി നൽകിയിട്ടും ഫലം കണ്ടില്ല. കോളജ് നിൽക്കുന്ന പ്രദേശത്തിന്റെ എം.എൽ.എകൂടിയായ ആരോഗ്യമന്ത്രി വീണ ജോർജിനെ വിദ്യാർഥികൾ നേരിൽ കണ്ടും പരാതി പറഞ്ഞു.