ശബരിമല മുന്നൊരുക്കവുമായി പത്തനംതിട്ട നഗരസഭ
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇടത്താവളത്തിലെ മുന്നൊരുക്കങ്ങളുമായി നഗരസഭ. വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്തസംഘം ഇടത്താവളത്തിൽ പരിശോധന നടത്തി. വിപുലമായ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് നടപടിയായി. ബുധനാഴ്ച രാവിലെ നഗരസഭാധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിന്റെ തുടർച്ചയായാണ് സംഘം സന്ദർശനം നടത്തിയത്.
മണ്ഡലകാലം കഴിയുംവരെ ദിവസേന ആയിരത്തിലധികം തീർഥാടകർ വന്നുപോകുന്നതാണ് താഴെവെട്ടിപ്രത്തെ ഇടത്താവളം. തീർഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മറ്റുമെല്ലാം ക്രമീകരണം ഒരുക്കുന്നത് നഗരസഭയുടെ നേതൃത്വത്തിലാണ്. അയ്യപ്പസേവ സമാജം ഭക്ഷണം ക്രമീകരിക്കും. ആലോചന യോഗത്തിൽ വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരും ജനപ്രതിനധികളും അയ്യപ്പ സമാജം പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ പല നിർദേശങ്ങൾ ഉയർന്നുവന്നു.
ജലവിതരണം സുഗമമാക്കും. മുനിസിപ്പൽ എൻജിനിയർ, ക്ലീൻസിറ്റി മനേജർ, റവന്യു ഓഫിസർ എന്നിവരെ കൂടാതെ ജല അതോറിറ്റി അസി. എൻജിനിയറും അടങ്ങുന്ന സംഘമാണ് ഇടത്താവളത്തിൽ സന്ദർശനം നടത്തിയത്. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി, താഴെവെട്ടിപ്രം ഭാഗത്തുകൂടി കടന്നുപോകുന്ന ജല അതോറിറ്റി പൈപ്പ് ലൈൻ താൽക്കാലികമായി നീട്ടി സ്ഥാപിക്കുന്നതിന് നടപടിയെടുക്കും. നിലവിലുള്ള ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി ഉപയോഗിക്കും. അതിന് പുറമേ താൽക്കാലിക ശുചിമുറി സംവിധാനവും തയ്യാറാക്കും.
ഇടത്താവളത്തിൽ മുഴുവൻ സമയവും രണ്ട് ജീവനക്കാരുടെ സേവനം ഉറപ്പാക്കും. അലോപ്പതിയും ആയുർവേദവും ഹോമിയോയും ഉൾപ്പെടെ ആതുര സേവനവും ലഭ്യമാക്കും. ഹോമിയോ മരുന്നുകൾ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണവും എല്ലാ സമയവും ഒരു ആംബുലൻസിന്റെ സേവനവും ഉണ്ടാകും. വൈദ്യുതി സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. വെള്ളിയാഴ്ച്ചക്കുള്ളിൽ എല്ലാ പ്രവൃത്തികളുടെയും ടെൻഡർ ക്ഷണിക്കുന്ന നടപടികൾ നടത്തും.