പത്തനംതിട്ട ആർക്കൊപ്പം?
text_fieldsആന്റോ ആന്റണി, തോമസ് ഐസക്, അനിൽ ആന്റണി
പത്തനംതിട്ട: ഹാട്രിക് നേട്ടവുമായി കളത്തിലിറങ്ങിയ ആന്റോ ആന്റണി, രണ്ട് ടേമുകളിലായി ഒരുപതിറ്റാണ്ട് കേരളത്തിന്റെ ഖജനാവ് സൂക്ഷിച്ച ഡോ. ടി.എം തോമസ് ഐസക്ക്, പേരിൽ തന്നെ രാഷ്ട്രീയ പെരുമയുള്ള അനിൽ കെ. ആന്റണി തുടങ്ങി ആകെ എട്ട് സ്ഥാനാർഥികൾ.
ബിഎസ്.പിയുടെ ഗീതാകൃഷ്ണൻ ഉൾപ്പെടെ മറ്റ് അഞ്ചു പേരും മത്സരരംഗത്ത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ (63.37%) പത്തനംതിട്ട ലോക്സഭാ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ചൊവ്വാഴ്ച രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിനു തപാല് വോട്ടുകള് എണ്ണിത്തുടങ്ങും. 8.30 ന് ഇ.വി.എമ്മുകളിലെ എണ്ണൽ തുടങ്ങും. പത്ത് മണിയോടെ ആദ്യ ട്രെൻഡ് അറിയാം.
2014ൽ 65.81%, 2019ൽ 74.04 % വീതം രേഖപ്പെടുത്തിയ വോട്ടിങിൽ ഇക്കുറി 11 ശതമാനത്തിന്റെ കുറവുണ്ടായി. ഇതേ് മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചതിനൊപ്പം ഫലവും പ്രവചനാതീതമാക്കി.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പടിപടിയായി വോട്ടിങ് ശതമാനം ഉയർന്ന പത്തനംതിട്ട മണ്ഡലം പിന്നാക്കംപോയതിന് പല കാരണങ്ങളുമുണ്ട്. പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവ ഉൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം.
അടിയൊഴുക്കുകൾ
വോട്ടെണ്ണുമ്പോൾ ന്യൂനപക്ഷ ഏകീകരണവും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരവും കാർഷിക പ്രതിസന്ധിയും പ്രതിഫലിക്കും എന്ന് തന്നെയാണ് വിലയിരുത്തൽ. രാഷ്ട്രീയത്തിനപ്പുറത്തേക്ക് സാമുദായിക- കാർഷിക താൽപ്പര്യങ്ങളിൽ അഴിയൊഴുക്കുള്ളതാണ് മലയോര മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ പൂർണ്ണമായി ചുവന്ന മണ്ഡലത്തിൽ പൊതു തെരഞ്ഞെടുപ്പുകളിൽ പൊതുവെ യു.ഡി.എഫ് അനുകൂല മാനസികാവസ്ഥയാണ് പ്രതിഫലിച്ച് വരുന്നത്.
ജില്ലയിലെ വോട്ടർമാരിൽ ക്രൈസ്തവരും ഹിന്ദുക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണ്. 56.93 ശതമാനം ഹിന്ദുക്കളും 38.12 ശതമാനം ക്രിസ്ത്യൻ വിഭാഗവും 4.60 ശതമാനം മുസ്ലിംകളുമാണുള്ളത്. പിന്നാക്ക വിഭാഗങ്ങൾ അഞ്ച് ശതമാനം. ഹൈന്ദവരിൽ പ്രബലർ നായർ സമുദായമാണ്. തൊട്ടു പിന്നിൽ ഈഴവരുമുണ്ട്.
ക്രിസ്ത്യൻ വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള പരമ്പരാഗത യുഡി.എഫ് മണ്ഡലവുമാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ കത്തോലിക്കാ സഭയുടെ സ്വാധീന മേഖലകളാണ്. അടൂർ, ആറന്മുള മണ്ഡലങ്ങളിൽ ഓർത്തഡോക്സ് വിഭാഗത്തിനാണ് മേൽക്കൈ.
തിരുവല്ല, റാന്നി മണ്ഡലങ്ങൾ മർത്തോമാ സഭക്കും സ്വാധീനമുണ്ട്. പെന്തക്കോസ്ത് വിഭാഗങ്ങൾക്ക് രണ്ട് ലക്ഷത്തിനടുത്ത് വോട്ടുണ്ടെന്നും അവകാശപ്പെടുന്നു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ മുസ്ലിം സമുദായം നിർണ്ണായക ശക്തിയാണ്. സമുദായ സംഘടനകൾക്കും ഏറെ സ്വാധീനമുള്ള മണ്ഡലമായതിനാൽ അവരുടെ നിലപാടുകളാണ് മറ്റൊരു വിജയ ഘടകം.
തുടർച്ച; അട്ടിമറി
മണ്ഡലം രൂപവത്കരിച്ച 2009 മുതൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്റോയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവിലാണ് എൽഡിഎഫ് പ്രതീക്ഷ. 2009ൽ 1,11, 206 വോട്ടിന്റെയും 2014ൽ 56,191 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫിന് 2019ൽ ഭൂരിപക്ഷം 44,243 വോട്ടായി കുറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച എൽ.ഡി.എഫ് നേടിയതാകട്ടെ 73,647 വോട്ടുകളുടെ ഭൂരിപക്ഷവും.
2019ൽ നേടിയ വോട്ടിന്റെ പിൻബലമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ശബരിമല യുവതി പ്രവേശന വിരുദ്ധ പ്രക്ഷോഭ പിൻബലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ജനവിധി തേടിയ മണ്ഡലത്തിൽ അന്നു ലഭിച്ചത് 2,95,627 വോട്ടാണ്. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തരമാകട്ടെ 39,849 വോട്ടിന്റേതായിരുന്നു. പത്തനംതിട്ടയിൽ അന്തിമ പട്ടിക പ്രകാരം 14,29,700 വോട്ടർമാരുണ്ട്.
കഴിഞ്ഞ തവണത്തേക്കാൾ 20,929 പേരുടെ വർധന. പത്തനംതിട്ടയിൽ വിജയം ഉറപ്പിക്കണമെങ്കിൽ മൂന്നുലക്ഷം വോട്ടിനു മുകളിൽ നേടണം. കഴിഞ്ഞ പ്രാവശ്യം ആന്റോ ആന്റണി 3,80,089 വോട്ടും നിലവിലെ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്ന് (എൽ.ഡി.എഫ്) - 3, 35,476 വോട്ടും നേടിയിരുന്നു.
വിശ്വാസം രക്ഷിക്കട്ടെ
പരമ്പരാഗത യു.ഡി.എഫ് മണ്ഡലം എന്നത് തന്നെയാണ് ആന്റോ ആന്റണിക്കുള്ള ഏറ്റവും അനുകൂല ഘടകം. പെന്തക്കോസ്ത് ഉൾപ്പെടെ മിക്ക ക്രൈസ്തവ സഭകളുടെയും പ്രത്യേകിച്ച് പ്രബലരായ കത്തോലിക്കരുടെയും പിന്തുണ ഇക്കുറിയും ആന്റോക്കൊപ്പമാണെന്നാണ് സൂചനകൾ.
മുൻതെരഞ്ഞെടുപ്പുകളിൽ കുറഞ്ഞുവന്ന ഭൂരിപക്ഷത്തിന് മുന്നിൽ ആന്റോ വിയർക്കുമ്പോൾ മറ്റ് മണ്ഡലങ്ങളേക്കാൾ യു.ഡി.എഫിന് കൂടുതൽ വോട്ട് നൽകുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മേഖലകളാണ് എൽ.ഡി.എഫിന്റെ അധിക ശ്രദ്ധ പതിഞ്ഞത്.
കഴിഞ്ഞ പ്രാവശ്യം അടൂർ ഒഴിച്ച് ബാക്കി ആറു മണ്ഡലങ്ങളും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ഇവിടെ മൂന്നാം സ്ഥാനത്തേക്കാണ് ആന്റോ കൂപ്പുകുത്തിയത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഐസക്കിനെ കരകയറ്റാൻ എണ്ണയിട്ട യന്ത്രംപോലെ പാർട്ടി ഒപ്പമുണ്ടായിരുന്നു.
ശബരിമല തിളച്ച കാലത്തെ ആവേശം കാണാനില്ലെങ്കിലും 2019ലെ അലയൊലികൾ തേടി എൻ.ഡി.എ എത്തിച്ച അനിൽ. കെ. ആന്റണിയും പ്രതീക്ഷയിൽ പിന്നിലല്ല. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നായിരുന്നു തുടക്കം മുതൽ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാട്.
എന്നാൽ, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വം നിർദേശിച്ചത്. എ.കെ. ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്നതിനാൽ പത്തനംതിട്ടയിലെ വോട്ടുകണക്കുകൾ ദേശീയതലത്തിലും ചർച്ച ചെയ്യപ്പെടും.