
പാർട്ടിയെ വിഴുങ്ങി പി.സി. ചാക്കോ; എൻ.സി.പിയിലും ആഭ്യന്തര കലഹം
text_fieldsപത്തനംതിട്ട: എൻ.സി.പിയിൽ പി.സി. ചാക്കോക്കെതിരെ പഴയ എൻ.സി.പിക്കാരുടെ പടയൊരുക്കം. കോൺഗ്രസ് വിട്ടെത്തിയ പി.സി. ചാക്കോ മൂന്നു മാസത്തിനകം തന്നെ ഏകാധിപതിയായി മാറിയെന്നാണ് ആക്ഷേപം. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ഐ.എൻ.എല്ലിൽ ആഭ്യന്തര കലഹം രൂക്ഷമായതിനു പിന്നാലെയാണ് മറ്റൊരു ഘടകകക്ഷിയിലും അസ്വസ്ഥത പുകഞ്ഞുതുടങ്ങിയത്. കോൺഗ്രസിൽ പുറത്താകലിെൻറ വക്കിലായിരുന്ന ചാക്കോയെ ചുവന്ന പരവതാനി വിരിച്ച് എൻ.സി.പിയിലേക്ക് എത്തിക്കാൻ നേതൃത്വം നൽകിയ മുതിർന്ന നേതാക്കളടക്കം ചാക്കോയുടെ നിലപാടുകളിൽ നിരാശയിലാണ്.
കോൺഗ്രസ് ഹൈകമാൻഡിനും സംസ്ഥാന നേതൃത്വത്തിനും അപ്രിയനായി പുറത്താകലിെൻറ വക്കത്തായിരുന്നപ്പോഴാണ് ഇടതു മുന്നണിക്ക് തുടർഭരണ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ചാക്കോ എൻ.സി.പിയിലേക്ക് ചേക്കേറിയത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ നീക്കത്തിന് പിന്തുണയുമായി എൻ.സി.പി സംസ്ഥാന ഘടകം ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ഇടതു മുന്നണി പ്രചാരണ വേദികളിൽ എൻ.സി.പി പ്രതിനിധിയായി ചാക്കോയെ എത്തിക്കാനും നേതാക്കൾ തയാറായി.
ഈ ഘട്ടത്തിൽ എൻ.സി.പി നേതാക്കളുടെ താൽപര്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചതോടെ ഏകാധിപതിയായി മാറിയെന്നാണ് ആക്ഷേപം. കോൺഗ്രസിൽ മോഹഭംഗം നേരിട്ട ഏതാനും നേതാക്കൾ ചാക്കോക്ക് പിന്നാലെ എൻ.സി.പിയിലെത്തിയിരുന്നു. സ്വന്തമായി ഒരു അനുയായി പോലുമില്ലാത്ത നേതാക്കളാണ് ഇങ്ങനെ എത്തിയതെന്നാണ് എൻ.സി.പിക്കാരുടെ ആക്ഷേപം.
പ്രസിഡൻറായതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ചാക്കോ പുനഃസംഘടിപ്പിച്ചു. പഴയ എൻ.സി.പിക്കാരുടെ താൽപര്യങ്ങൾ തള്ളി പുതിയതായി എത്തിയവരെ ഉൾപ്പെടുത്തി ആധിപത്യം ഉറപ്പിക്കാനായിരുന്നു ശ്രമം. പിന്നാലെ പോഷക സംഘടനകളിൽ നടത്തിയ നിയമനങ്ങളിലും എൻ.സി.പിക്കാരെ തഴഞ്ഞു. ഏതാനും ജില്ല പ്രസിഡൻറുമാരെയും മാറ്റി. ഇത്തരത്തിൽ പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുന്ന നീക്കങ്ങൾ തുടർന്നതോടെയാണ് വർഷങ്ങളായി പാർട്ടിക്കുവേണ്ടി പണിയെടുത്തവർ അപകടം മണത്തത്.
മന്ത്രിയെപ്പോലും വരുതിയിൽ നിർത്താനുള്ള നീക്കം ഉണ്ടായതോടെ പരസ്യപ്രതിഷേധത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട മുൻമാധ്യമ പ്രവർത്തകനെ മന്ത്രിയുടെ ഓഫിസിൽ സുപ്രധാന തസ്തികയിൽ എത്തിക്കാൻ നടത്തിയ നീക്കവും വിവാദമായി. ഇദ്ദേഹം സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫിസിൽ പ്യൂണായി നിയമിക്കാനും ശ്രമിക്കുന്നതായാണ് വിവരം.
കഴിഞ്ഞ തവണ മന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായ പാർട്ടിക്കാരനെ സമ്മർദം ചെലുത്തി ഒഴിവാക്കി. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും പുതിയതായി പാർട്ടിയിൽ എത്തിയവർക്ക് നൽകാനും ശ്രമമുണ്ട്. ആഭ്യന്തര കലഹം പരസ്യപ്പോരിലേക്ക് നീങ്ങുേമ്പാൾ ഒരു ദേശീയ സെക്രട്ടറി മാത്രമാണ് ചാക്കോക്ക് ഒപ്പമുള്ളതെന്നാണ് വിവരം.