Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്നിധാനത്ത് റൂട്ട്...

സന്നിധാനത്ത് റൂട്ട് മാർച്ചുമായി പൊലീസ്

text_fields
bookmark_border
സന്നിധാനത്ത് റൂട്ട് മാർച്ചുമായി പൊലീസ്
cancel
camera_alt

സ​ന്നി​ധാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച സേ​ന​ക​ൾ സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ റൂ​ട്ട് മാ​ർ​ച്ച്

Listen to this Article

ശബരിമല: ശബരിമലയിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരള പൊലീസ്, സി.ആർ.പി.എഫ് - ആർ.എ.എഫ്, എൻ.ഡി.ആർ.എഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്), സ്പെഷൽ ബ്രാഞ്ച് എന്നീ സേനാവിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച അധിക സുരക്ഷയൊരുക്കിയിരുന്നു.

ശനിയാഴ്ചയും അധിക സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. ശനിയാഴ്ച രാത്രി 11ന് നട അടച്ചുകഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരള പൊലീസിന്‍റെ ആന്റി സബോട്ടേജ് ടീം പരിശോധനക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് എട്ട് പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയന്റുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും സ്പെഷൽ ഓഫിസർ പറഞ്ഞു. തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പതിനെട്ടാം പടി വഴിയുള്ള തീർഥാടനം സാധാരണ പോലെ നടക്കും. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണമായി പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ടുദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനക്ക് വിധേയമാക്കുമെന്നും ശ്രീകുമാർ പറഞ്ഞു.

Show Full Article
TAGS:Sabarimala sannidhanam Kerala Police Route March 
News Summary - Police hold route march at Sannidhanam
Next Story