രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സുരക്ഷാമുന്നൊരുക്കം തുടങ്ങി
text_fieldsരാഷ്ട്രപതി ദ്രൗപദി മുർമു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശത്തിന് മുന്നോടിയായി സുരക്ഷ മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ട് പൊലീസ്. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ നിലക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചു. നിലക്കലിലെ ഹെലിപ്പാഡ് സന്ദർശിച്ച പൊലീസ് സംഘം ഇതിന് ചുറ്റുമുള്ള മരങ്ങൾ മുറിക്കാൻ ദേവസ്വം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പമ്പയിലെ പൊതുമരാമത്ത് ഗെസ്റ്റ് ഹൗസും ഇവർ പരിശോധിച്ചു. അടുത്തദിവസം എസ്.പി.ജിയുടെ നിർദേശപ്രകാരം സന്നിധാനത്തേക്കുള്ള സുരക്ഷാക്രമീകരങ്ങളും വിലയിരുത്തും. മുന്നൊരുക്കത്തിന്റെ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച കലക്ടറേറ്റിൽ യോഗവും നടത്തും. ഇതിൽ വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ചചെയ്യും. ഈമാസം 22നാണ് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിന് എത്തുന്നത്. ഉച്ചക്കുശേഷം പമ്പയിൽ ഇരുമുടിക്കെട്ടുനിറച്ച് മല ചവിട്ടുമെന്നാണ് വിവരം. മല കയറ്റത്തിൽ ക്ഷീണമുണ്ടായാൽ യാത്ര തുടരാൻ അഞ്ച് ഡോളികൾ തയാറാക്കും. എസ്.പി.ജി സംഘവും ഉടൻ ശബരിമലയിലെത്തും.
രാഷ്ട്രപതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിൽ നിലക്കലിൽ ഇറങ്ങുമെന്നാണ് സൂചന. തുടർന്ന് കാറിൽ പമ്പയിലെത്തും. തുടർന്ന് സന്നിധാനത്തെത്തി വിശ്രമിച്ച ശേഷം വൈകീട്ട് നാലിന് ദർശനം നടത്തും. അതിനുശേഷം തിരുവനന്തപുരത്തേക്ക് പോവും. നേരത്തേ മേയ് 19ന് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം തീരുമാനിച്ചിരുന്നെങ്കിലും പഹൽഗാം ആക്രമണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 1973ൽ അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയും ശബരിമല സന്ദർശിച്ചിരുന്നു.