ഇട്ടിയപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണം പ്രതിസന്ധിയിൽ
text_fieldsറാന്നിയിൽ ഇട്ടിയപ്പാറയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ചളിക്കളമായ നിലയിൽ
റാന്നി: ഇട്ടിയപ്പാറയിലെ കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണത്തെ ചൊല്ലി എം .എൽ എ യുടെ നേതൃത്വത്തിൽ ഭരണപക്ഷവും പഴവങ്ങാടി പഞ്ചായത്തും രണ്ടു തട്ടിൽ. നിർദിഷ്ട സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് എം .എൽ. എയും കൂട്ടരും പിണങ്ങി പോയതും ചർച്ചയായി. ഇട്ടിയപ്പാറയിൽ കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിട നിർമാണം പ്രതിസന്ധിയിലായിരിക്കുകയാണ്.
പഞ്ചായത്ത് ഭരിക്കുന്നത് യു. ഡി. എഫ് ഭരണ സമതിയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നതിന് പ്രമോദ് നാരായൺ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിട നിർമാണത്തിന് സ്ഥലം അളന്ന് കുറ്റിവെയ്ക്കുന്നതിന് എം.എൽ.എ യും ഉദ്യോഗസ്ഥരും എത്തിയിട്ടും പഞ്ചായത്ത് അധികൃതരും പ്രസിഡന്റും എത്താൻ വൈകി. ഇതോടെ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റിനോട് ക്ഷുഭിതനാകുകയും ഉദ്യോഗസ്ഥരെ, ശ്വാസിച്ചു പിണങ്ങി പോയതുമാണ് പുതിയ വിവാദം.
ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണത്തിന് പഞ്ചായത്ത് ഭരണസമതി തടസ്സം ഉണ്ടാക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ടെർമിനൽ സ്ഥാപിക്കാൻ പഞ്ചായത്തു കാട്ടിയ സ്ഥലം ചെളിക്കുഴിയാണന്നും, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിലവിൽ പ്രവർത്തിക്കുന്ന കടകൾ പൊളിച്ച് സ്ഥലം വേണമെന്നും എം.എൽ.എ നിലപാട് സ്വീകരിച്ചതോടെയാണ് ടെർമിനൽ നിർമാണം കീറാമുട്ടിയായത്.
പഞ്ചായത്ത് വക സ്ഥലം കെട്ടിട നിർമാണത്തിന് കൊടുക്കാൻ എൽ.ഡി.എഫ് അംഗങ്ങൾ ചേർന്ന് എടുത്ത തീരുമാനമാണെന്നും അതിനു ശേഷം പഞ്ചായത്ത് ഭരണസമിതിയെ കരിതേച്ച് കാണിക്കാനുള്ള എൽ. ഡി.എഫ് നീക്കമാണ് നടക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പറഞ്ഞു.
പാർട്ടി പ്രവർത്തകരെ കൂട്ടി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ എം.എൽ.എ നേതൃത്വം കൊടുത്തത് അപലപനീയമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. വികസന കാര്യത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ എല്ലാവരെയും വിശ്വാസത്തിൽ എടുത്തു പോകാനാണ് ശ്രമിക്കേണ്ടത്. പഞ്ചായത്തിന് തനത് വരുമാനം ലഭിക്കുന്നതും സാധാരണക്കാരായ ആളുകൾ കച്ചവടം ചെയ്യുന്നതുമായ കടമുറികൾ പൊളിച്ച് നിലവിലെ ടെർമിനലിനോട് ചേർന്ന് വീണ്ടും ഒരു ബസ് ടെർമിനൽ നിർമിക്കുന്നത് ഭൂമിശാസ്ത്രപരമായി ശരിയല്ല എന്നും കോൺഗ്രസ് സംയുക്ത പഴവങ്ങാടി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.