ഉന്നതികളിൽ സന്ദർശനം; ‘ബാക്ക് ടു ബഞ്ച്’
text_fieldsആദിവാസി ഉന്നതികളിൽ പഠനം മുടങ്ങി വീണ്ടും സ്കൂളിലെത്തിയ വിദ്യാർഥികൾ ട്രൈബൽ
ഡവലപ്മെന്റ് ഓഫിസർ എസ്.എ. നജിം, റാന്നി ബി.പി.സി ഷാജി എ. സലാം എന്നിവർക്കൊപ്പം
റാന്നി: പാതിവഴിയിൽ പഠനം മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്താൻ മഞ്ഞത്തോട്, പ്ലാപ്പള്ളി ആദിവാസി ഉന്നതികളിൽ വിദ്യാഭ്യാസ വകുപ്പിന്റെ സന്ദർശനം. സംസ്ഥാന സർക്കാറിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള റാന്നി ബി.ആർ.സിയും സംയുക്തമായാണ് ആദിവാസി ഉന്നതികളിൽ പഠനം മുടങ്ങി കഴിയുന്ന കുട്ടികളെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയത്.
ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ എസ്.എ. നജീം, റാന്നി ബി.പി.സി ഷാജി എ. സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഒരു വർഷമായി സ്കൂളിൽ പോകാത്ത ഒരു കുട്ടിയെയും ഈ വർഷം ഇതുവരെ സ്കൂളിൽ പോകാത്ത 13 കുട്ടികളെയും കണ്ടെത്തി. സ്കൂളിൽ എത്തിച്ച ഇവർക്ക് കൗൺസിലിങും പ്രത്യേക പിന്തുണ പരിപാടികളും സംഘടിപ്പിക്കും. ഉന്നതികളിലും പ്രത്യേക പരിപാടി സംഘടിപ്പിക്കും.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ വി. ഗോപകുമാർ, മഹിള സമഖ്യ വളണ്ടിയർ രജനി എന്നിവരും സംഘാത്തിലുണ്ടായിരുന്നു. ടി.ഡി.ഒ വാങ്ങി നൽകിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പരിപാടിയുടെ ഭാഗമായി മഞ്ഞത്തോട് അംഗൻവാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗവും ചേർന്നു. രാജാംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബിജു തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബി മോൾ, അട്ടത്തോട് ട്രൈബൽ ഗവ. എൽ .പി .സ്കൂൾ അധ്യാപകൻ കെ.എം.സുബീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ യു.അർച്ചന, അംഗൻവാടി വർക്കർ സുലൈഖ ബീവി എന്നിവർ പങ്കെടുത്തു.