വേനല്‍മഴ ശക്തമായി; മാലിന്യം നിറഞ്ഞ് അങ്ങാടി വലിയതോട്
text_fieldsറാന്നി വലിയതോട്ടിൽ പുള്ളോലി ഭാഗത്ത് അടുഞ്ഞുകൂടിയ മാലിന്യം
റാന്നി: വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുകയാണ്. വെള്ളത്തിൽ ഒഴുകിയെത്തുന്ന മാലിന്യം മാത്രമല്ല, തോടിന്റെ തീരങ്ങളിൽ താമസിക്കുന്നവർ വലിച്ചെറിയുന്നവയും ഇതിലുണ്ട്. വലിയകാവ്, മാടത്തരുവി എന്നീ തോടുകൾ ഈട്ടിച്ചുവട്ടിൽ സംഗമിച്ചാണ് വലിയതോടായി പമ്പാനദിയിലെത്തുന്നത്.
മാടത്തരുവി, സ്റ്റോറുംപടി, മാടത്തുംപടി, എസ്.സി പടി, ചെത്തോങ്കര, വലിയപറമ്പുപടി, വലിയകാവ്, തൂളിമൺ, കടവുപുഴ, ഈട്ടിച്ചുവട്, പുള്ളോലി എന്നിവിടങ്ങളിൽ തോടിന്റെ തീരത്ത് നിരവധി താമസക്കാരുണ്ട്. മഴക്കാലത്ത് തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ വീടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങളും തോട്ടിലേക്കു തള്ളും.
കാറ്റിൽ ഒടിഞ്ഞ നിരവധി മരങ്ങൾ തോട്ടിൽ കിടക്കുന്നുണ്ട്. കൂടാതെ തോട്ടിൽ വളർന്നുനിൽക്കുന്ന പോളകളും മരങ്ങളും മുളകളുമുണ്ട്. അവയിൽ തട്ടിയാണ് വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നത്. ടൗണിലും ചന്തയിലും നിന്ന് ശേഖരിക്കുന്ന മാലിന്യം ബസ് സ്റ്റാൻഡിനു സമീപം വയലിൽ തള്ളുകയാണ്. മഴക്കാലത്ത് അവയും ഒഴുകി തോട്ടിലെത്തുന്നു. വലിയതോടിന്റെ ശുചീകരണത്തിന് ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു. അതോടെ ശുചീകരണം നിലച്ചു. പിന്നീടാരും തോട്ടിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല.