ഷിനുവിനെ കൈപിടിച്ച് ‘ഉയർത്തി’ കെ.എസ്.ഇ.ബി
text_fieldsഷിനുവിന്റെ വീടിന്റെ വൈദ്യുതി കണക്ഷൻ മുൻ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ സ്വിച്ഓൺ ചെയ്ത് നിർവഹിക്കുന്നു
റാന്നി: പഴവങ്ങാടി മോതിരവയൽ 52ൽ മരത്തിൽനിന്ന് വീണ് കിടപ്പിലായ ഷിനുവിന്റെ വീടിന് കെ.എസ്.ഇ.ബി സൗജന്യ വൈദ്യുതി കണക്ഷൻ നൽകി. വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസ് നിർമിച്ചു നൽകിയ വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കെ.എസ്.ഇ.ബിയിൽ അടക്കേണ്ട സി.ഡി തുക, കെ.എസ്.ഇ.ബി നോർത്ത് ഓഫിസ് ജീവനക്കാർ സമാഹരിച്ച് സി.ഡി അടക്കുകയും തുടർന്ന് വൈദ്യുതി കണക്ഷൻ ലഭിക്കുകയും ചെയ്തു.
വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ സഹായം ചെയ്ത കെ.എസ്.ഇ.ബി ജീവനക്കാരെ വാർഡ് മെംബർ അനിത അനിൽകുമാർ അഭിനന്ദിച്ചു. വിവിധ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പഴവങ്ങാടി പഞ്ചായത്ത് മെംബർ അനിത അനിൽ കുമാറാണ് വിവരം വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രോവിൻസ് പ്രസിഡന്റ് ഡയസ് ഇടിക്കുളയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രതിഫലം സ്വീകരിക്കാതെ സ്വപ്നഭവനം പൂർത്തീകരിക്കാൻ തയാറായ കരാറുകാരൻ സാൽമൻ തോമസ് റാന്നി നിവാസിയാണ്. റാന്നി കെ.എസ്.ഇ.ബി നോർത്ത് അസി.എൻജിനീയർ ബിനോ തോമസ്, ഓവർസിയർ എബ്രഹാം ഫിലിപ്പ്, ലൈൻമാൻ പ്രദീപ്, വർക്കർ ബാബു, ജോളി ജോസഫ്, രേണുക വിജയൻ, രതീപ് രാജപ്പൻ തുടങ്ങിയവരും പങ്കെടുത്തു.