മന്ദമരുതി-സ്റ്റോർപ്പടി റോഡ്: നിർമാണം തുടങ്ങി
text_fieldsഅത്തിക്കയം-കക്കടുമൺ -മന്ദമരുതി റോഡിന്റെ മന്ദമരുതി മുതൽ സ്റ്റോർപ്പടി വരെയുള്ള
ഭാഗത്തെ നിർമാണ
പ്രവൃത്തികൾ
ആരംഭിച്ചപ്പോൾ
റാന്നി: അത്തിക്കയം-കക്കടുമൺ-മന്ദമരുതി റോഡിന്റെ മന്ദമരുതി മുതൽ സ്റ്റോർപ്പടി വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു. ശബരിമല റോഡ് പാക്കേജിൽ ഉൾപ്പെടുത്തി 12 കോടി ചെലവഴിച്ചാണ് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്.
ഒരു വർഷം മുമ്പ് ജോലി ആരംഭിച്ചിരുന്നെങ്കിലും മന്ദമരുതി മുതലുള്ള ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് മൂലം പ്രവർത്തികൾ വൈകിയിരുന്നു. ഈ നടപടികൾ പൂർത്തിയാക്കിയതിനുശേഷം നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ തുടങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും കരാറുകാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും മൂലം പണി നീണ്ടുപോയി. ഈ റോഡിന് സമീപം പ്രവർത്തിക്കുന്ന പാറമടയിൽ നിന്നുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ കയറി റോഡ് കാൽനട പോലും ദുസ്സഹമാകും വിധം തകർന്നിരുന്നു.
ഈ വിവരം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എൻജിനീയർക്കും കത്ത് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച് മോശമായ റോഡിന്റെ ഭാഗങ്ങൾ നന്നാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തികൾ തുടങ്ങിയത്.
ബി.എം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന അത്തിക്കയം കക്കുടുമൺ മന്ദമരുതി റോഡിന്റെ പേമരുതി മുതൽ കക്കുടുമൺ വരെയുള്ള 1.2 കിലോമീറ്റർ റോഡിന്റെ ബി. എം ടാറിങ് പൂർത്തിയായി. രണ്ടാം റീച്ചായ കക്കുടുമൺ മുതൽ സ്റ്റോറുംപടി വരെയുള്ള 3.25 കിലോമീറ്റർ റോഡിൽ ടാറിങ്ങും പൂർത്തിയായി.
അത്തിക്കയം മുതൽ പേമരുതി വരെയുള്ള ആദ്യ റീച്ചിന്റെ 1.5 കിലോമീറ്റർ റോഡിന്റെ ടാറിങ് ഉടൻ ആരംഭിക്കും. മന്ദമരുതി മുതലുള്ള ഭാഗത്തെ ടാറിങ് കൂടി പൂർത്തിയായ ശേഷം റോഡിൽ ബി.സി ടാറിങ്ങും റോഡ് സുരക്ഷാ പ്രവർത്തികളും ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.


