റാന്നി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നു
text_fieldsറാന്നി: റാന്നിയുടെ ആരോഗ്യരംഗത്തിന് പുത്തൻപ്രതീക്ഷകൾ നൽകി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം പണിയുന്നു. നിർമാണോദ്ഘാടനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വീണ ജോർജ് നിർവഹിക്കും.
ആശുപത്രിക്ക് മൂന്നാമതൊരു കെട്ടിടം കൂടി വരുന്നതോടെ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാനാകും. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണം നടത്തിയിരുന്ന എൽ.ഡി.എഫ് ഭരണസമിതി ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 25 സെൻറ് സ്ഥലം കൂടി വാങ്ങി നൽകിയിരുന്നു. ശബരിമലയുടെ ഏറ്റവും അടുത്തുള്ള താലൂക്ക് ആശുപത്രി എന്ന നിലയിൽ റാന്നിക്ക് മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വാർഡും തുറക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കഴിയും. ഇതോടെ ജില്ലയിലെ തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായി റാന്നി മാറും. 13.24 കോടി രൂപ ചെലവഴിച്ച് കിഫ്ബിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സർക്കാർ സ്ഥാപനമായ ഹൈറ്റ്സിനാണ് കെട്ടിടത്തിന്റെ നിർമാണ ചുമതല.
പുതിയ കെട്ടിടം നിർമിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ സ്ഥലം കൂടാതെ കൂടുതൽ സ്ഥലം സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടതായി വന്നു.
സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിയതാണ് നിർമാണം താമസിക്കാൻ ഇടയാക്കിയത്. 56 സെൻറ് സ്ഥലമാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് വിലയ്ക്ക് വാങ്ങിയത്. രണ്ട് വസ്തു ഉടമകളിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനായി 3.73 കോടി രൂപ ചിലവഴിച്ചു. വസ്തുവിന് റവന്യൂ വകുപ്പ് നിശ്ചയിച്ച വില കിഫ്ബി അംഗീകരിച്ച് കിട്ടാനുണ്ടായ സങ്കീർണതകളാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിച്ചത്.
മൂന്ന് നിലകളായി നിർമിക്കുന്ന കെട്ടിടത്തിന് 17000 ച. അടി വിസ്തീർണമുണ്ടാകും. രോഗികൾക്കുള്ള വാർഡുകൾ പ്രത്യേകം കിടക്കമുറികൾ, പരിശോധന മുറികൾ, ലാബുകൾ, ഓപറേഷൻ തിയറ്റർ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും വിഭാവന ചെയ്തിട്ടുണ്ട്.
കൂടാതെ ഇലക്ട്രിക് സബ്സ്റ്റേഷൻ, പമ്പ് റൂം, എക്സ്-റേ, സി ടി സ്കാൻ മുറി, അൾട്രാ സൗണ്ട് സ്കാനിങ് മുറി, പാലിയേറ്റിവ് കെയർ, രോഗികൾക്ക് വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറപ്പി മുറി, ദന്ത പരിശോധനാ മുറി, ഒ.പി സംവിധാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഒരുക്കും.
ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സംവിധാനവും ഒരുക്കും.