റബർ ബോർഡ് പരീക്ഷണ തോട്ടം കാടുമൂടി, വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ
text_fieldsഇടമുറിയിലെ റബർ ബോർഡ് പരീക്ഷണ തോട്ടം കാടുപിടിച്ചു കിടക്കുന്നു
റാന്നി: ഇടമുറിയിലെ റബർ ബോർഡ് പരീക്ഷണ തോട്ടം കാടുപിടിച്ചു കിടക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. കാലങ്ങളായി പരിപാലനമില്ലാതെ കിടക്കുന്ന തോട്ടം ഇപ്പോൾ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി മാറിയിട്ടുണ്ട്. സമീപകാലത്തായി പ്രദേശത്ത് പുലിയെ കണ്ടതായി വാര്‍ത്ത വന്നിരുന്നു. കാടുമൂടി കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ പെരുകുന്നുണ്ട്. ഇവ സമീപത്തെ വീടുകളിലേക്ക് പ്രവേശിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. തോട്ടത്തിലെ കാടുമൂടിയ സ്ഥലങ്ങളില്‍ തമ്പടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
തോട്ടത്തിന് സമീപത്തെ റോഡിലൂടെ കാൽനടയാത്ര ദുഷ്കരമാണ്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കാട് വെട്ടിത്തെളിച്ച് തോട്ടം വൃത്തിയാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റബർ ബോർഡ് അധികൃതരെ പലതവണ പരാതി അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം തുടർന്നാൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം


