സർവീസ് സെന്‍റർ ഫ്രാഞ്ചൈസിയിൽ വീഴ്ച; ടാറ്റ മോട്ടോഴ്സ് 50 ലക്ഷം നൽകാൻ വിധി
text_fieldsറാന്നി: മുംബൈയിലെ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്‌ടർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി വൈകുണ്ടം വീട്ടില്‍ അനിതകുമാരിയുടെ ഹർജിയിലാണ് വിധി. ടാറ്റ മോട്ടോഴ്സിന്‍റെ അംഗീകൃത സർവീസ് സെന്‍റര്‍(ടാസ്) ഫ്രാഞ്ചൈസി കരുനാഗപ്പളളിയിൽ തുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് വിധി.
ടാറ്റ മോട്ടോര്‍സിന്‍റെ അഭ്യർഥന അനുസരിച്ചാണ് സംരംഭം തുടങ്ങിയത്. കൊച്ചിയിൽ ഓഫിസുളള കൊമേഴ്സ്യൽ വാഹനങ്ങളുടെ ഏരിയ മാനേജര്‍ ആണ് എം.ഡിയുടെ പ്രതിനിധിയായി ഉദ്ഘടനം ചെയ്തത്. കമ്പനിയുടെ മാനുവല്‍ പറഞ്ഞതു പ്രകാരം എല്ലാ ഉപകരണവും വാങ്ങി നിബന്ധനകൾ പാലിച്ചാണു ബിസിനസ് തുടങ്ങിയത്.
എന്നാല്‍ സി.ഒ.ബി. ലെറ്റര്‍ യഥാസമയം നല്‍കിയിരുന്നില്ല. കെ.എസ്.എഫ്.ഇയിൽനിന്നും ഗ്രാമീൺ ബാങ്കിൽനിന്നും 20 ലക്ഷം രൂപ വായ്പ എടുത്താണ് ഫ്രാഞ്ചൈസി തുടങ്ങിയത്. സി.ഒ.ബി. കിട്ടാൻ താമസിച്ചതിനാൽ പലിശ അടക്കം ആദ്യമേ തന്നെ വലിയ നഷ്‌ടം ഉണ്ടായി. നിയമസാധുതയുള്ള കരാർ വെക്കാന്‍ പലപ്രാവശ്യം പറഞ്ഞെങ്കിലും പിന്നീടാകാം എന്നായിരുന്നു കമ്പനി നിലപാട്.
ഈ സമയത്തുതന്നെ ധാരണകൾക്ക് വിരുദ്ധമായി വീണ്ടും 25 ലക്ഷം രൂപ കൂടി മുടക്കണം എന്ന് കമ്പനി ആവശ്യപ്പെട്ടു. 2020 ൽ ഓപറേറ്റിങ് കോഡ് കാരണമില്ലാതെ നിർത്തി. പല തവണ ആവശ്യപ്പെട്ടിട്ടും കോഡ് തുറന്നുനൽകിയില്ല. അപ്പോഴേക്കും 1.25 കോടി രൂപ പരാതിക്കാരി ചെലവാക്കിയിരുന്നു.
നിർത്തിവെച്ച ബിസിനസ് കമ്പനി ആവശ്യപ്പെട്ടതു പ്രകാരം കൂടുതൽ ഉപകരണങ്ങൾ വാങ്ങിയും കൂടുതൽ സാങ്കേതിക പരിചയം ഉള്ള തൊഴിലാളികളെ നിയമിച്ചും പുനരാരംഭിച്ചുവെങ്കിലും വീണ്ടും സി.ഒ.ബി. ലെറ്റർ കൊടുത്തില്ല. കമ്പനിയുടെ നടപടി കാരണം 1.25 കോടിയുടെ നഷ്ടവും മനോവേദനയും ഉണ്ടായതായും നഷ്ടപരിഹാം വാങ്ങി നൽകണമെന്നുമായിരുന്നു ഹരജി.
ആശാസ്യമല്ലാത്ത വ്യാപാര തന്ത്രമാണ് കമ്പനി നടപ്പാക്കിയതെന്നു കണ്ടെത്തിയാണു കമീഷൻ ഉത്തരവ്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും നൽകാൻ കമ്മീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗം നിഷാദ് തങ്കപ്പനും വിധിച്ചു.


