റോഡരികിലെ പെരുമരത്തിൽ പുഴുശല്യം രൂക്ഷം
text_fieldsഇടമുറിയിലെ പുഴു പിടിച്ച പെരുമരങ്ങൾ
റാന്നി: റോഡരികിൽ നിൽക്കുന്ന പെരുമരങ്ങളില്നിന്ന് പുഴുശല്യം വർധിക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. ഇടമുറി റബർ ബോർഡ് പരീക്ഷണ തോട്ടത്തിലെ പെരുമരങ്ങളാണ് പുഴു ശല്യം മൂലം നാട്ടുകാരെ പൊല്ലാപ്പിലാക്കുന്നത്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ തോമ്പിക്കണ്ടം മുതല്‍ ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം വരെ യാത്ര ദുഷ്ക്കരമായി.
മരത്തിൽനിന്ന് പുഴുക്കൾ കൂട്ടത്തോടെ റോഡിലേക്കും യാത്രക്കാരുടെ ശരീരത്തേക്കും വീഴുന്നത് പതിവായതോടെ ഈ വഴി നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളാണ് പ്രധാനമായും ഇതിന്റെ ഇരകളാകുന്നത്. പുഴുക്കൾ ദേഹത്ത് വീണ് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നത് കുട്ടികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പുഴുക്കളുടെ ശല്യം കാരണം അലർജിയും മറ്റു ചർമ്മരോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരത്തിൽനിന്ന് പുഴുക്കൾ താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. റബർ ബോർഡ് അധികൃതരോ തദ്ദേശ സ്ഥാപനങ്ങളോ ഇടപെട്ട് മരത്തിലെ പുഴുക്കളെ നശിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


