കണ്ടില്ലെന്ന് നടിച്ച് അധികൃതർ; തിരുവാഭരണപാതയും പൊതുതോടും നികത്തി
text_fieldsവടശ്ശേരിക്കരക്ക് സമീപം നാട്ടുകാർ ആരോപിക്കുന്ന തിരുവാഭരണ പാത കൈയേറ്റം
റാന്നി: വടശ്ശേരിക്കരയിൽ സ്വകാര്യവ്യക്തി തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കൈയേറ്റം നടത്തിയും പൊതുതോട് തികത്തി വാണിജ്യം ഗ്രൗണ്ടാക്കിയതും അധികൃതർ കണ്ടില്ലെന്ന് നടിച്ചെന്ന് ആരോപണം. ഭരണകക്ഷി രാഷ്ടീയക്കാരും ഉദ്യോഗസ്ഥരുംകൂടി ഒത്തുകളിച്ചാണ് തിരുവാഭരണ പാതയും പൊതുതോടും നികത്തിയത്. നിരവധി പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
തിരുവാഭരണ പരമ്പരാഗത പാത വടശ്ശേരിക്കര-പമ്പ പ്രധാന റോഡിൽനിന്ന് തിരിഞ്ഞ് പ്രയാർ ക്ഷേത്രത്തിന്റെ മുന്നിലെത്തി അവിടെ നിന്ന് താഴ്ചയുള്ള ഭാഗത്തുകൂടി മെയിൻ റോഡിൽ എത്തിയിരുന്ന ഭാഗമാണ് മണ്ണിട്ട് നികത്തി സ്വകാര്യ റോഡാക്കിയും ഗ്രൗണ്ടാക്കിയും നിർമാണം പൊടിപൊടിക്കുന്നത്.
കൈയേറ്റത്തിനു പിന്നിൽ ഭരണകക്ഷിയിലെ പ്രധാന ഘടക കക്ഷിയിലെ മന്ത്രിയുടെ പി.എയുടെ ഒത്താശ ഉള്ളതിനാലാണ് റവന്യൂ ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നതെന്നാണ് ഭക്തർ ആരോപിക്കുന്നത്.
പന്തളത്തുനിന്ന് ശബരിമലക്ക് പോകുന്ന തിരുവാഭരണ ഘോഷയാത്ര പോകുന്ന പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പാതയുടെ ഭാഗം തകർന്നു കിടന്നതിനാൽ ഘോഷയാത്ര സുഗമമായി പോകുന്നതിന് റോഡുവഴിയാക്കിയതിനാൽ പാതയുടെ അത്രയും ഭാഗം ശ്രദ്ധിക്കാതായതാണ് കൈയേറ്റത്തിന് എളുപ്പമായത്.
വടശ്ശേരിക്കര-പമ്പ റോഡിൽ ബംഗ്ലാകടവ് പാലത്തിന്റെ അവിടെ കുഴൽ ഇറക്കി മൂടിയാണ് നിർമാണം നടക്കുന്നത്. മഴക്കാലങ്ങളിൽ വടശ്ശേരിക്കര ജങ്ഷനിലെയും ബൗണ്ടറി മുതൽ റോഡിന്റെ ഇരുഭാഗത്തെയും ഉയർന്ന പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വെള്ളം പോകുന്ന തോട് മൂടിയതിലും നാട്ടുകാർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്.
വിഷയത്തിൽ തിരുവാഭരണ പാത സംരക്ഷണ സമിതി റാന്നി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. മുമ്പ് കൈയേറ്റം ഒഴിപ്പിക്കാൻ വേണ്ടി തിരുവാഭരണപാത സംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചിരുന്നു.
അതിൻപ്രകാരം റവന്യൂ വിഭാഗം കൈയേറ്റക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നോട്ടീസ് ലഭിച്ച ചില കൈയേറ്റക്കാർ ഹൈകോടതിയിൽ പരാതി ഉന്നയിച്ചതുകൊണ്ട് കോടതി അത് പരിശോധിക്കുകയും ജില്ല ഭരണകൂടം ഇടപെട്ട് റവന്യൂ വിഭാഗത്തെക്കൊണ്ട് വീണ്ടും കൈയേറ്റം പരിശോധിപ്പിക്കാൻ നിർദേശം വന്നപ്പോൾ തന്നെ ആ നടപടി നടക്കുന്നതിനിടയാണ് വീണ്ടും കൈയേറ്റം വ്യാപകമായി നടക്കുന്നത്.