പുനലൂർ-മൂവാറ്റുപുഴ റോഡിൽ തകർച്ച ഉണ്ടായ ഭാഗങ്ങളിലെ പണികൾ ആരംഭിച്ചു
text_fieldsതകർന്ന പുനലൂർ-മൂവാറ്റുപുഴ റോഡിന്‍റെ പണികൾ പൂർത്തീകരിക്കുന്നു
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ തകർച്ച ഉണ്ടായ ഭാഗങ്ങളിലെ ടാറിങ് പ്രവർത്തികൾ സെപ്റ്റംബർ 15നകം പൂർത്തിയാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. തിങ്കളാഴ്ച പുനലൂർ-മൂവാറ്റുപുഴ റോഡിൽ മന്ദിരം ജംങ്ഷന് ഭാരതി എയർടെൽ കമ്പനിയുടെ ഒപ്ടിക്കൽ ഫൈബർ ലൈൻ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ അശ്രദ്ധ മൂലം തകർച്ചയുണ്ടായ റോഡിന്റെ ഭാഗങ്ങളിലെ നിർമാണ പ്രവർത്തികൾ ചൊവ്വാഴ്ച ആരംഭിച്ചു.
അഞ്ചു മീറ്റർ വീതിയിലും ആറ് മീറ്റർ നീളത്തിലും തകർന്ന ഭാഗങ്ങൾ പൂർണമായും പൊളിച്ചുമാറ്റി ജിഎസ്പി വിരിച്ചു ലെവൽ ചെയ്തിട്ടുണ്ട്. ഇത് ഉറച്ച ശേഷം സെപ്റ്റംബർ പത്തോടെ ബി.എം ടാറിങ് നടത്തും അതിനുശേഷം ബി.സി ടാറിങ് കൂടി ചെയ്തു റോഡ് പൂർവസ്ഥിതിയിലാക്കും. നാശനഷ്ടം ഉണ്ടാക്കിയ കരാർ കമ്പനിയുടെ ചിലവിലാകും മുഴുവൻ നിർമാണ പ്രവർത്തികളും നടത്തുക.
ചൊവ്വാഴ്ച രാത്രിയോടെ സ്ഥലത്ത് നിയന്ത്രണങ്ങൾ ഒഴിവാക്കി റോഡിലൂടെ ഗതാഗതം സാധാരണ നിലയിലാക്കും. കുടിവെള്ള പൈപ്പുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിറ്റിയും നടത്തി വരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പൈപ്പ് ലൈൻ തകരാർ ഉള്ളതിനാൽ ജലവിതരണം പൂർണ്ണമായും നടത്തുവാൻ സാധിച്ചിട്ടില്ല.
ബുധനാഴ്ച ജലവിതരണം പൂർവസ്ഥിതിയിലാക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. കെ.എ.സ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്കൊപ്പം എം.എൽ.എസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.