സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയായി ഇരുമ്പുകൈവരിക്കു പകരം പ്ലാസ്റ്റിക് വള്ളി
text_fieldsറാന്നി വൈക്കം ഗവ. യു.പി സ്കൂളിനു മുന്നിലുള്ള റോഡിന്റെ നടപ്പാതയിൽ കമ്പിവേലിക്ക് പകരം പ്ലാസ്റ്റിക് വള്ളികെട്ടി സുരക്ഷയൊരുക്കിയിരിക്കുന്നു
റാന്നി: റാന്നി വൈക്കം ഗവ. യു.പി സ്കൂളിനു മുന്നിലെ റോഡരികിൽ ഇരുമ്പുകൈവരിക്കു പകരം പ്ലാസ്റ്റിക് വള്ളി വലിച്ചുകെട്ടി കെ.എസ്.ടി.പി മടങ്ങിയത് കൂടുതൽ വിനയായി. കൈവരിയില്ലാതെ അപകടാവസ്ഥയിലുള്ള റോഡിന്റെ നടപ്പാതയോടെ വശത്താണ് പ്ലാസ്റ്റിക് വള്ളികെട്ടി സുരക്ഷയൊരുക്കിയിരിക്കുന്നത്.
സ്കൂളിന് മുന്നിലെ നടപാതക്ക് സുരക്ഷാവേലി നിര്‍മിക്കാതെ കരാര്‍ കമ്പനി മടങ്ങിയതു മൂലം അപകട സാധ്യതയേറെ. സ്കൂളിന്റെ മുറ്റത്തുനിന്ന് 15 അടിയോളം ഉയരത്തിലാണ് പാത കടന്നുപോകുന്നത്.
പാതയുടെ സുരക്ഷക്ക് നിർമിച്ച കൽക്കെട്ടിന് മുകള്‍വശമാണ് നടപാത. ഇതില്‍ പാതയോടു ചേര്‍ന്ന വശം സുരക്ഷാ വേലി നിര്‍മിച്ചിട്ടുണ്ട്. മറുവശം താഴ്ചയുള്ള സ്കൂൾ മുറ്റമാണ്. ഇവിടെ സുരക്ഷാ വേലി നിര്‍മിക്കാതെയാണ് കരാറുകാര്‍ മടങ്ങിയത്.
അതിന് മുകളിലൂടെ ആരെങ്കിലും നടന്നുപോകുന്ന വഴി കാലുതെറ്റിയാൽ ആഴത്തിലുള്ള സ്കൂൾ മുറ്റത്ത് വീഴും. കൂടാതെ വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ കൈവരിയിൽ ഇടിച്ചുനിന്നാൽ സ്കൂൾ മുറ്റത്ത് വീഴാതെ അപകടം ഒഴിവാക്കാനും കഴിയും.ഇപ്പോൾ കുട്ടികൾക്കും ഭീഷണിയാണ് ഈ ഭാഗം.
സ്കൂളിന്റെ മുന്നിലുള്ള നടപ്പാതയുടെ വശത്ത് ക്രാഷ് ബാരിയർ വേണമെന്നാണാവശ്യം റോഡ് നിർമാണം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും കുറച്ച് ഭാഗത്ത് ഇരുമ്പുവേലി സ്ഥാപിക്കുന്നില്ലെന്നാണ് ഇവിടെ ഇരുമ്പുവേലി നിർമിക്കണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രക്ഷിതാക്കളും കെ.എസ്.ടി.പി അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. സംസ്ഥാനപാതയുടെ വികസനം വന്നപ്പോള്‍ സ്കൂള്‍ മുറ്റം പകുതിയോളം നഷ്ടപ്പെട്ടു. പിന്‍വശം തിരുവാഭരണ പാതയുമാണ്. ഇടവേളകളില്‍ കുട്ടികളെ പുറത്തു വിടാന്‍ സ്കൂള്‍ അധികൃതര്‍ മടിക്കുകയാണിപ്പോള്. വേലി നിര്മിക്കണമെന്നാവശ്യം പരിഹരിക്കാത്ത പക്ഷം സമരം അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.