ചിറ്റാർ ഗ്രാമപഞ്ചായത്ത്; 2024-25 വർഷത്തെ വികസന പ്രവർത്തനം പ്രതിസന്ധിയിൽ
text_fieldsചിറ്റാർ: ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 2023-24 സാമ്പത്തികവർഷം വിവിധ പദ്ധതികൾക്ക് നീക്കിവെച്ച ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയതായി ആരോപണം.
സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ചിറ്റാർ പഞ്ചായത്തിന് സർക്കാർ നൽകുന്ന ഫണ്ടുകൾ കുറവാണ്. വരുമാനം കുറവായതിനാൽ മറ്റ് ഫണ്ടുകളോ ഗ്രാന്റുകളോ പഞ്ചായത്ത് ഫണ്ടുകളോ വികസന പ്രവർത്തനത്തിന് എടുക്കാൻ കഴിയില്ല. ഇതിനുപുറമെ സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകളും സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് വെട്ടിക്കുറച്ചു.
മാർച്ചിന് മുമ്പ് പൂർത്തീകരിക്കേണ്ട നിരവധി പദ്ധതികൾ ലാപ്സായി. പഞ്ചായത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ കുറവുമുണ്ട്. മാർച്ച് 26ന് മുമ്പ് സർക്കാർ പ്രഖ്യാപിച്ച സമയ പരിധിയിൽ നൽകിയ ബില്ലും മാറാൻ കഴിഞ്ഞില്ല. ഇതോടെ ബില്ലുകൾ മാറ്റാനാകാതെ 71 ലക്ഷം രൂപ ബാധ്യതയായി. കൂടാതെ എസ്.സി ഫണ്ട് വിനിയോഗത്തിൽ 80 ശതമാനം പൂർത്തീകരിക്കാൻ കഴിയാതെ വന്നതുകൊണ്ട് ഈ വർഷത്തെ ജനറൽ ഫണ്ടിൽനിന്ന് 13 ലക്ഷം കുറവും വന്നു. ഈ മൂന്ന് കാരണത്താൽ മാത്രം പഞ്ചായത്തിന് 85 ലക്ഷം രൂപയോളം ഈ വർഷം നഷ്ടമായി. ഫണ്ടുകളുടെ വൻകുറവ് മൂലം 2024-25 വർഷത്തെ വികസന പ്രവർത്തനം പ്രതിസന്ധിയിലായി. തങ്ങളുടെ വാർഡുകളിൽ വികസനം മുടങ്ങിയതായി അംഗങ്ങൾ ആരോപിക്കുന്നു.
2023 ഏപ്രിൽ നാലിന് പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യനായതിനാൽ അന്ന് മുതൽ സി.പി.എം പ്രതിനിധിയായ വൈസ് പ്രസിഡന്റായിരുന്ന രവികല എബിയാണ് പ്രസിഡന്റിന്റെ ചുമതല വഹിച്ചത് . ഈ കാലയളവിൽ ഏഴോളം സെക്രട്ടറിമാർ മാറുകയും എ.ഇ, വി.ഇ.ഒ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനും നടപടിയുണ്ടായില്ല.
2021-22 വർഷം രണ്ടാം വാർഡിലെ ഗ്രാമസഭ ഗുണഭോക്തൃ പട്ടിക തന്നെ ഇല്ലാതായ സംഭവവും റിപ്പോർട്ട് ചെയ്തു. അയോഗ്യനാക്കപ്പെട്ട മുൻ പ്രസിഡന്റ് സജി കുളത്തുങ്കൽ പ്രതിനിധീകരിച്ച രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജോളി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് മുമ്പ് നറുക്കെടുപ്പിലൂടെ കോൺഗ്രസ് പ്രതിനിധിയായ എ. ബഷീർ പഞ്ചായത്ത് പ്രസിഡന്റായി.