ആനച്ചന്തയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു
text_fieldsആനച്ചന്ത പുഷ്പമംഗലത്ത് മനോജിെൻറ പശുക്കിടാവിനെ പുലി കടിച്ചനിലയിൽ
ചിറ്റാർ: സീതത്തോട് ആനച്ചന്തയിൽ ജനവാസമേഖലയിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ആക്രമിച്ചു. ആനച്ചന്ത പുഷ്പമംഗലത്ത് മനോജിെൻറ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് തിങ്കളാഴ്ച പുലർച്ച ആക്രമിച്ചത്. പുലർച്ച പശുക്കിടാവിെൻറയും വളർത്തുനായയുടെയും ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
മനോജിെൻറ ഭാര്യ ജിത്തു മുറ്റത്തിറങ്ങി ടോർച്ച് തെളിച്ച് നോക്കുമ്പോൾ കൂട്ടിനുള്ളിൽനിന്ന് പുലി ഇറങ്ങി വീട്ടുകാർക്കെതിരെ തിരിഞ്ഞു. ഭയന്ന് വീട്ടിനുള്ളിൽ കയറി ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി സമീപത്തെ വനത്തിലേക്ക് ഓടിപ്പോയി. പശുക്കിടാവിെൻറ കഴുത്തിൽ ആഴത്തിലുള്ള മുറിവാണേറ്റത്. വിവരം അറിഞ്ഞ് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ എത്തി പരിശോധന നടത്തി.
വീട്ടുമുറ്റത്ത് പുലിയുടെ കാൽപാടുകൾ വനപാലകർ സ്ഥിരീകരിച്ചതിനെത്തുടർന്ന് പുലിയുടെ നിരീക്ഷണം മനസ്സിലാക്കാൻ പട്രോളിങ് ശക്തമാക്കി.
പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കിയാൽ പുലിക്കൂട് സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു. സീതത്തോട് വെറ്ററിനറി ഡോക്ടർ എത്തി പശുക്കിടാവിനെ പരിശോധിച്ചു. വനമേഖലയോട് ചേർന്ന പ്രദേശമാണിവിടം. ഇതിനുമുമ്പ് ഇവിടെനിന്ന് നിരവധി ആടിനെയും വളർത്തുനായ്ക്കളെയും പുലി കടിച്ചുകൊന്നിട്ടുണ്ട്. കുടിയേറ്റ മേഖലയാണ് ആനച്ചന്ത, കുന്നം തേക്കുംമൂട് പ്രദേശം. ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളിലായാണ് ആളുകൾ താമസിക്കുന്നത്. ഒരിടവേളക്കുശേഷം വീണ്ടും പുലിയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.