ആങ്ങമൂഴി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsആങ്ങമൂഴിഭാഗത്ത് കക്കാട്ടാറ് വറ്റിവരണ്ട നിലയിൽ
സീതത്തോട്: കക്കാട്ടാർ വറ്റിവരണ്ടതോടെ ആങ്ങമൂഴി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ആറ്റിൽ വെള്ളമില്ലാതായതോടെ പ്രദേശത്തെ കിണറുകളും പാെട വറ്റിയ നിലയിലാണ്. വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ആറ്റിലോ കിണറുകളിലോ വെള്ളമെത്തുന്നില്ല. മൂഴിയാർ അണക്കെട്ട് തുറന്ന് വിട്ട് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
വെള്ളം വിലക്ക് വാങ്ങിയാണ് പ്രദേശ വാസികൾ നിത്യവൃത്തി നടത്തുന്നത്. വേനൽകാലത്ത് ആങ്ങമൂഴി, കൊച്ചാണ്ടി, വാലുപാറ, ഉറുമ്പനി പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി കക്കാട്ടാറിനെയാണ് ആശ്രയിക്കുന്നത്. ആങ്ങമൂഴി കൊച്ചാണ്ടി മുതൽ സീതത്തോട് പവർ ഹൗസ് ജങ്ഷൻ വരെയുള്ള ഭാഗത്ത് കക്കാട്ടാർ വറ്റിവരണ്ട് ഒഴുക്ക് നിലച്ച അവസ്ഥയാണ്. പല കുടുംബങ്ങളും പണം മുടക്കി കിലോമീറ്റർ ദൂരെനിന്ന് വാഹനത്തിൽ വെള്ളം എത്തിച്ചാണ് വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. നദിയിൽ അവിടവിടെയായി കെട്ടിക്കിടക്കുന്ന വെള്ളം മലിനമാണ്. ഇത് പകർച്ചവ്യാധികൾ പടരാനും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാകുന്നു.
മൂഴിയാർ ഡാം തുറന്നു വിട്ടാൽ മാത്രമേ കക്കാട്ടാറിൽ നീരൊഴുക്ക് ഉണ്ടാകുകയുള്ളു. കക്കാട് ജല വൈദ്യുതി പദ്ധതി കമീഷൻ ചെയ്യുന്നതിന് മുമ്പ് കക്കാട്ടാറ്റിലൂടെ എല്ലാ സീസണിലും വെള്ളം ഉണ്ടായിരുന്നു. ശബരിഗിരി ജല വൈദ്യുതി പദ്ധതിയിൽനിന്ന് വൈദ്യുതോൽപാദനത്തിന് ശേഷം പുറം തള്ളുന്ന വെള്ളം കക്കാട്ടാറ്റിലൂടെ പമ്പയിൽ എത്തുകയാണ് ചെയ്യുന്നത്. കക്കാട് പദ്ധതിയുടെ ഭാഗമായി മൂഴിയാറിൽ അണക്കെട്ട് നിർമിച്ചതോടെയാണ് കക്കാട്ടാറ്റിലെ നീരൊഴുക്ക് തടയപ്പെട്ടത്. ഇതോടെ മൂഴിയാർ മുതൽ കക്കാട് പദ്ധതി വരെയുള്ള ഭാഗത്ത് കക്കാട്ടാറ്റിൽ നീരൊഴുക്ക് നാമമാത്രമായി.
പദ്ധതിയുടെ കമീഷന് ശേഷം ഉറുമ്പിനി, കോട്ടമൺപാറ,വാലുപാറ, ആങ്ങമൂഴി, കൊച്ചാണ്ടി, കിളിയെറിഞ്ഞാംകല്ല് പ്രദേശങ്ങളിൽ മഴക്കാലം കഴിഞ്ഞാൽ കക്കാട്ടാറ് വറ്റും. ശബരിമല തീർഥാടനകാലത്തിന് ശേഷം ഏതാനും ചില ദിവസങ്ങളിൽ മാത്രമാണ് ഒരു വർഷത്തിനിടെ മൂഴിയാർ അണക്കെട്ട് തുറന്ന് വിടുന്നത്. കാലവർഷം വരും വരെ മൂഴിയാർ അണക്കെട്ടിലെ ഒരു ഷട്ടർ മാത്രം ഉയർത്തിയാൽ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിഗിരി പദ്ധതിയുടെ അണക്കെട്ടിൽ ഇത്തവണ വെള്ളം കൂടുതലുണ്ട്. 61 ശതമാനം വെള്ളമാണ് ഇത്തവണയുള്ളത്. മുൻ വർഷങ്ങളിൽ ഇത് 50 ശതമാനത്തിൽ താഴെയാകുമായിരുന്നു.