വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ കുടുംബം സ്വന്തം കൂരയിൽ അന്തിയുറങ്ങും
text_fieldsചിറ്റാറിൽ പി.പി. മത്തായിയുടെ കുടുംബത്തിനു നിർമിച്ച വീടിന്റെ കൂദാശ നിർവഹിച്ചശേഷം
എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഭാര്യ ഷീബക്ക് താക്കോൽ കൈമാറി ആശിർവദിക്കുന്നു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, ബസലേൽ റമ്പാൻ തുടങ്ങിയവർ സമീപം
ചിറ്റാർ: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ചിറ്റാർ കുടപ്പന സ്വദേശി പി.പി. മത്തായിയുടെ കുടുംബത്തിന് ഇനി സ്വന്തം കൂരക്കുകീഴിൽ അന്തിയുറങ്ങാം. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയും മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തെ അനാഥമാക്കി. 2020 ജൂലൈ 28നാണ് മത്തായി മരിച്ചത്. വനത്തിലെ കാമറ നശിപ്പിച്ചുവെന്ന പേരിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ (പൊന്നു) പിന്നീട് കുടുംബവീടിനു സമീപ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മികച്ച കർഷകനും സംരംഭകനുമായിരുന്നു മത്തായി. മത്തായിയെ അനധികൃതമായാണ് കസ്റ്റഡിയിലെടുത്തതെന്നു വ്യക്തമായതോടെ ഏറെനാൾ നീണ്ട സമരം വനം വകുപ്പിനെതിരായി നടന്നു. കേസ് നിലവിൽ സി.ബി.ഐ അന്വേഷണത്തിലാണ്.
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശപ്രകാരം തുമ്പമൺ ഭദ്രാസനത്തിന്റെ ചുമതലയിലാണ് ഭവനനിർമാണം ഏറ്റെടുത്തത്. 2023 ജൂൺ പത്തിന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത തറക്കല്ലിട്ടു. സെന്റർ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിലും ഭവനനിർമാണത്തിനു നേതൃത്വപരമായ പങ്കുവഹിച്ചു.
ഫാ. ടൈറ്റസ് ജോർജ് ജനറൽ സെക്രട്ടറിയായ കമ്മിറ്റി രൂപവത്കരിച്ചാണ് നിർമാണം മുന്നോട്ടുപോയത്. മത്തായിയുടെ സഹോദരൻ പി.പി. വിൽസൺ സൗജന്യമായി നൽകിയ സ്ഥലവും തൊട്ടടുത്ത ഭൂമിയും വീട് നിർമാണത്തിന് വാങ്ങി നൽകി. 1200 ചതുരശ്ര അടിയുള്ള രണ്ടുനില വീടാണ് കൂദാശ ചെയ്തത്. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നിവർ ഭവന കൂദാശക്ക് മുഖ്യകാർമികത്വം വഹിച്ചു.
മത്തായിയുടെ ഭാര്യ ഷീബക്ക് വീടിന്റെ താക്കോൽ കൈമാറി. ബസലേൽ റമ്പാൻ, ഭദ്രാസന മുൻ സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്, ഫാ. സാം പി. ജോർജ് തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. സെന്റർ ട്രാവൻകൂർ വികസന കൗൺസിലിന്റെ നേതൃത്വത്തിൽ തുടർന്ന് പി.പി. മത്തായി അനുസ്മരണവും താക്കോൽദാനവും നടന്നു.