വേനൽ കനത്തു: ജലവൈദ്യുതി പദ്ധതി സംഭരണികളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി
text_fieldsജലനിരപ്പ് താഴ്ന്ന ആനത്തോട് ഡാം
സീതത്തോട്: വേനൽ ശക്തമായതോടെ നീരൊഴുക്ക് നിലച്ച് ശബരിഗിരി ജലവൈദ്യുതി പദ്ധതി സംഭരണികളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് മൊത്തം ശേഷിയുടെ 82 ശതമാനമായി താഴ്ന്നു. കഴിഞ്ഞവർഷം ഈ സമയം 88.5 ശതമാനമായിരുന്നു ജലനിരപ്പ്.
ദിവസവും ശരാശരി 10 സെന്റി മീറ്റർ വീതം വെള്ളം താഴുകയാണ്. ഒക്ടോബർ മാസത്തിൽ കനത്ത മഴയിൽ 100 ശതമാനം വരെ ജലനിരപ്പ് എത്തിയിരുന്നു. തുടർന്ന് ആനത്തോട്, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകളുയർത്തി അധികജലം തുറന്നുവിട്ടു. ഡിസംബർ പകുതിക്കുശേഷം ഒറ്റപ്പെട്ട മഴ ഇടക്ക് പെയ്തെങ്കിലും കാര്യമായി നീരൊഴുക്കുണ്ടായില്ല. അടുത്ത സമയത്തൊന്നും മഴ രേഖപ്പെടുത്തിയിട്ടില്ല. കക്കി- ആനത്തോട് അണക്കെട്ടിൽ 976.30 മീറ്ററും കൊച്ചുപമ്പയിൽ 980.65 മീറ്ററുമാണ് ജലനിരപ്പ്. ശബരിഗിരി പദ്ധതിയിൽ 1, 2, 3, 6 ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അഞ്ചാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി നടക്കുകയാണ്.
ഏറെ നാളായി നാലാം നമ്പർ ജനറേറ്റർ ഷട്ട്ഡൗണിലാണ്. പ്രതിദിനം ഏകദേശം 4.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ ശരാശരി 2.5 ദശലക്ഷം ഘനമീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും.