''ജയിലിൽ പോകണം...'' സ്റ്റേഷനിൽ പരാക്രമം; എസ്.ഐക്ക് പരിക്ക്
text_fieldsഷാജി തോമസ്
ചിറ്റാര്‍: തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കുമോ എന്ന് ആക്രോശിച്ച് ചിറ്റാർ പൊലീസ് സ്റ്റേഷനില്‍ എത്തിയ അക്രമി ഗ്രേഡ് എസ്.ഐയെ ചവിട്ടുകയും സ്റ്റേഷന് ഉപകരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഷാജി തോമസിനെ (അച്ചായി- 43) ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേഡ് എസ്.ഐ സുരേഷ് പണിക്കര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ച് അക്രമാസക്തനായ ഇയാൾ സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ സ്കാനറും കസേരകളും നിലത്തടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റേഷന് പുറത്തുകടന്ന് അതുവഴിവന്ന സ്വകാര്യ ബസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാരാണ് ഷാജിയെ പിടികൂടി പൊലീസില്‍ ഏൽപിച്ചത്.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിലങ്ങണിച്ച് നിര്‍ത്തിയെങ്കിലും വീണ്ടും അക്രമാസക്തനായി. സ്റ്റേഷനിൽ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായി എഫ്.ഐ.ആറില്‍ പറയുന്നു.
സ്വകാര്യ ബസിന്റെ ഗ്ലാസ് തകര്‍ത്തതുമായി ബന്ധപ്പെട്ടും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കോടിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണക്കേസില്‍ പ്രതിയായ ഷാജി തോമസ് ജയിലിലെ സ്ഥിരം അന്തേവാസിയാണ്. ഒരുമാസമായി ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ട്.