എസ്.ഐ.ആർ; പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ പുറത്ത്
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ നിലവിലുണ്ടായിരുന്ന വോട്ടർപട്ടികയിൽനിന്ന് ജില്ലയിൽ പുറത്തായത് 1,01,356 പേർ. എന്യുമറേഷൻ ഫോമും തിരിച്ചറിയൽ രേഖകളും ഹാജരാക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോഴുള്ള കണക്കാണിത്. വോട്ടർപട്ടികയിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 10,47,976 പേരാണുള്ളത്. ഇതിൽ 9,46,620 പേരുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവരാണ് പുറത്തായത്. ഇതിൽ ബി.എൽ.ഒമാർക്ക് കണ്ടെത്താൻ കഴിയാത്തവരും മറ്റുസ്ഥലങ്ങളിൽ എൻറോൾ ചെയ്തവരും ജീവിച്ചിരിപ്പില്ലാത്തവരും ഉൾപ്പെടും.
ഇതിൽ 25,396 പേർ മരിച്ചതായാണ് വിവരം. 32,579 ആളുകളെ ബി.എൽ.ഒമാർക്ക് കണ്ടെത്താനായിട്ടില്ല. 35,317 പേർ സ്ഥിരമായി താമസം മാറിയതായി കണ്ടെത്തി. 3,918 പേർ നേരത്തെ എൻറോൾ ചെയ്തവരാണ്. മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ 4,146 പേരാണ്. ഇതുവരെ കണ്ടെത്താനാകാത്തവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (https://www.ceo.kerala.gov.in/asd-list). ഇത് വോട്ടർമാർക്ക് പരിശോധിച്ച് പുറത്തായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.
എസ്.ഐ.ആർ വോട്ടർപട്ടികയുടെ കരട് ഈമാസം 23നാണ് പ്രസിദ്ധീകരിക്കുക. എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകിയ മുഴുവൻപേരും കരട് പട്ടികയിൽ ഉണ്ടാകും. കരടുപട്ടികയിൽ ആക്ഷേപമുള്ളവർക്ക് അന്നുമുതൽ ജനുവരി 22 വരെ അറിയിക്കാനുള്ള അവസരമുണ്ട്. ജനുവരി 23 മുതൽ ഫെബ്രുവരി 14 വരെ വരണാധികാരികൾ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ഇനി പുതുതായി വോട്ടർപട്ടികയിൽ ചേരാനുള്ളവർ ഫോം ആറ് പൂരിപ്പിച്ചുനൽകണം. പ്രവാസികൾ ഫോം ആറ്-എ ആണ് പൂരിപ്പിച്ചുനൽകേണ്ടത്. പുതുതായി ചേരുന്നവരും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളവരും ഫോം ആറ് പൂരിപ്പിച്ചുനൽകുന്നതിനൊപ്പം ആധാർ, വോട്ടേഴ്സ് ഐ.ഡി, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഹാജരാക്കണം.


