ലോറി മറിഞ്ഞ് വീട് തകർന്നിട്ട് ആറുമാസം; വാഗ്ദാനം പാലിക്കാതെ അധികൃതർ
text_fieldsപന്തളം: നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് വീട് പൂർണമായും തകർന്നിട്ട് ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാതെ അധികൃതർ. കുടുംബം ഇപ്പോഴും വാടകവീട്ടിൽ. എം.സി റോഡിൽ കുരമ്പാല പത്തിയിൽപടിയിൽ നവംബർ 30ന് പുലർച്ച 5.15ന് പന്തളം കുരമ്പാല ആശാൻതുണ്ടിൽ കിഴക്കേതിൽ ആർ. രാജേഷ് കുമാറിന്റെ വീടിന്റെ മുകളിലേക്ക് കാലിത്തീറ്റയുമായി വന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തൃശൂരിൽനിന്ന് തിരുവനന്തപുരം കാട്ടാക്കടയിലേക്ക് കാലിത്തീറ്റയുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. എം.സി റോഡിനരികിൽ എതിർദിശയിൽ താഴെ ആശാൻതുണ്ടിൽ കിഴക്കേതിൽ രാജേഷ് കുമാറിന്റെ വീടിനു മുകളിലേക്ക് ലോറി പതിക്കുകയായിരുന്നു.
അപകടത്തിൽ വീട് പൂർണമായും തകർന്നു. രാജേഷ് കുമാർ (43), ഭാര്യ ദീപ (35), മക്കളായ മീനാക്ഷി (16), മീര (13) എന്നിവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിൽ നേരിയ പരിക്കേറ്റ മീനാക്ഷിയും മീരയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രാജേഷ് കുമാറും ദീപയും അടൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
എല്ലാം ഭേദമായി മടങ്ങിയെത്തിയപ്പോൾ അന്തിയുറങ്ങാൻ ഉണ്ടായിരുന്ന വീടും നഷ്ടപ്പെട്ടതോടെ തകർന്ന അവസ്ഥയിലായി രാജേഷ് കുമാർ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രാജേഷിന് സർക്കാർ സഹായത്തിൽ വീടുവെച്ച് നൽകാമെന്ന് വാഗ്ദാനവും നൽകി. പിന്നീട് നിരവധി തവണ ഡെപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല.
കുടുംബവുമായി കുരമ്പാല പെരുമ്പുളിക്കലിൽ രാജേഷ് കുമാർ വാടക്ക് താമസിക്കുകയാണ് ഇപ്പോൾ. അപകടത്തിൽ രാജേഷ് കുമാറും ഭാര്യ ദീപയും ഉറങ്ങിക്കിടന്ന കട്ടിലിനു മുകളിലേക്കാണ് മേൽക്കൂര പതിച്ചത്. വീട്ടിലുണ്ടായിരുന്ന സ്റ്റീൽ അലമാലയുടെ മുകളിൽ കോൺക്രീറ്റ് തങ്ങി നിന്നതാണ് ഇരുവർക്കും രക്ഷയായത്.
അപകടസമയം രാജേഷിന്റെ മാതാവ് ഗൗരി സമീപത്തെ വീട്ടിലായിരുന്നു. നഗരസഭക്കും റവന്യൂ വകുപ്പിനും അപേക്ഷ നൽകി സഹായം ലഭ്യമാകാതായതോടെ മനോവിഷമത്തിലാണ് രാജേഷ് കുമാർ. കേസ് നടക്കുന്നതിനാൽ ലോറി ഉടമയുടെയും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.