തെരുവുനായ് ശല്യം രൂക്ഷം; ജില്ലയിൽ തെരുവുനായ് വന്ധ്യംകരണം നടക്കുന്നില്ല
text_fieldsപത്തനംതിട്ട: ഇടവേളക്കുശേഷം ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച മൈലപ്ര ടൗണിൽ പേവിഷബാധ സംശയിക്കുന്ന നായ് നിരവധി തെരുവുനായ്ക്കളെയാണ് കടിച്ചത്. കടിച്ച നായ് പിന്നീട് ചത്തു. ഇതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്.
കഴിഞ്ഞ ദിവസം ഇരവിപേരൂർ പൂവപ്പുഴയിലും ആറുപേരെ തെരുവുനായ് കടിച്ചിരുന്നു. ഇതിനും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. നായുടെ ജഡം തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയകേന്ദ്രത്തിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പേവിഷ ബാധിച്ചതാണെന്ന് വ്യക്തമായത്.
തെരുവുനായ് ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടുന്നത്. ജനവാസ കേന്ദ്രങ്ങളിലും പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും ഇവയുടെ ആക്രമണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
സ്കൂൾ തുറന്നതോടെ കുട്ടികളെ ഒറ്റക്ക് അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പ്രഭാത സവാരിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണ് ജില്ലയിലാകെ. കുട്ടികൾക്ക് മുറ്റത്ത് കളിക്കാനോ റോഡിൽകൂടി സൈക്കിൾ ഓടിക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്.
തെരുവുനായ്ക്കൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. റോഡിന് കുറുകെ ഓടിയെത്തുന്ന നായ്ക്കളെ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇവ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വർധിപ്പിക്കുന്നു.
ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്. ജില്ല ആസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. പത്തനംതിട്ട നഗരസഭ ബസ്സ്റ്റാൻഡ് തെരുവുനായ്ക്കൾ കൈയടക്കിയിരിക്കയാണ്. യാത്രക്കാർ ഭയന്നാണ് ഇവിടെ നിൽക്കുന്നത്.
സ്വകാര്യ സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ബെഞ്ചുകളുടെയും പാർക്കുചെയ്ത ബസുകളുടെയും അടിയിൽ ഇവ കയറിക്കിടക്കുന്നത് പതിവാണ്. ബസിൽ കയറാനെത്തുന്ന യാത്രക്കാർക്ക് നേരെയും ഇവ കുരച്ച് ചാടുന്നുണ്ട്. പത്തനംതിട്ട മാർക്കറ്റിലും തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്.
അബാൻ ജങ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സെൻട്രൽ ജങ്ഷൻ, പഴയ സ്റ്റാൻഡ്, ജനറൽ ആശുപത്രി, സ്റ്റേഡിയം, അഴൂർ റോഡ്, റിങ് റോഡ് തുടങ്ങി തിരക്കുള്ള എല്ലാ സ്ഥലത്തും ഇവയുടെ ശല്യം രൂക്ഷമാണ്. ജില്ലയിൽ തെരുവുനായ് വന്ധ്യംകരണം നടക്കുന്നില്ല. നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


