‘സമര വാഴ’ക്കുല; ലേലം ചെയ്ത പണം വീട് നിർമാണത്തിന്
text_fieldsപത്തനംതിട്ട: കെ-റെയിൽ സമരക്കാർ മഞ്ഞക്കുറ്റി പിഴുത സ്ഥലത്ത് നട്ട സമര വാഴ കുലച്ചത് ലേലം ചെയ്തപ്പോൾ ലഭിച്ചത് 28,000 രൂപ. കുന്നന്താനത്ത് നടയ്ക്കൽ ജങ്ഷനിൽ കെ-റെയിൽ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായാണ് വാഴ നട്ടത്. 2022ലെ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരം നട്ട വാഴയുടെ വിളവെടുപ്പ് നടന്നത് 2023 െസപ്റ്റംബറിലായിരുന്നു. കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരിയാണ് വിളവെടുത്തത്.
വാഴക്കുല ലേലം ചെയ്തു കിട്ടിയ 28,000 രൂപ ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമാണ ഫണ്ടിലേക്ക് നൽകുകയായിരുന്നു. കെ-റെയിൽ വേണ്ട കേരളം വേണം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായി 2022 മേയ് 31 മുതൽ ജൂൺ ആറ് വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു. പദ്ധതി അനുകൂലികളായ ഇടത് എം.എൽ.എ മാരോടുള്ള പ്രതിഷേധ സൂചകമായാണ് ലൈൻ കടന്നുപോകുന്ന ജില്ലകളിൽ പരിസ്ഥിതി ദിനത്തിൽ സമര വാഴ നടൽ നടന്നത്.


