പാഠം ഒന്ന്, സാഹസം
text_fieldsപമ്പാനദിക്കു കുറുകെയുള്ള കുരുമ്പൻമൂഴി കോസ്വേയിൽ വെള്ളം നിറഞ്ഞപ്പോൾ
പത്തനംതിട്ട: വെല്ലുവിളികളെ സധൈര്യം നേരിട്ട് സ്കൂളിലേക്കു പോകുന്നവരിൽ നല്ലൊരു പങ്കും ജില്ലയിലെ മലയോര മേഖലയിലെ കുട്ടികളാണ്. പുത്തനുടുപ്പും പുതിയ ബാഗുമായി സ്കൂൾ ബസുകളിലെ യാത്ര ഇന്നും സ്വപ്നമായി കൊണ്ടു നടക്കുന്ന കുട്ടികൾ ഇന്നും പത്തനംതിട്ട ജില്ലയിലുണ്ട്. പുത്തൻ അനുഭവങ്ങൾ തേടി അവർ സ്കൂളിലേക്ക് പോയി തുടങ്ങിയപ്പോൾ മഴയെങ്കിലും ഒന്ന് ഒഴിഞ്ഞു നിൽക്കണമേയെന്ന മോഹം മാത്രമാണ് ഉള്ളത്.
പുതിയ അധ്യയനവർഷം രണ്ടുമാസം പിന്നിടവെ ജില്ലയുടെ പല ഭാഗങ്ങളിലും കുട്ടികളെ സ്കൂളിൽ വിടുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം രക്ഷിതാക്കൾ പ്രതിസന്ധിയിലാണ്. കാലവർഷത്തിൽ പ്രകൃതിയിൽ ഇരച്ചെത്തുന്ന അതിതീവ്ര മാറ്റങ്ങൾ കൂടിയായതോടെ കുട്ടികളുടെ സുരക്ഷിതത്വം തന്നെ പ്രധാന പ്രശ്നം. പത്തനംതിട്ടയുടെ അതിർത്തി പ്രദേശങ്ങളിലും വനമേഖലകളിലുമൊക്കെയാണ് കുട്ടികളെ പുറംലോകത്തേക്ക് എത്തിക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നത്. നാട്ടുവഴികളിലൂടെ ഒറ്റക്ക് കുട്ടികളെ അയക്കാനുള്ള പ്രയാസം കാരണം പലയിടത്തും രക്ഷിതാക്കൾ കൊണ്ടുവന്നാക്കുകയാണ്.
വെള്ളവും വഴിയുമൊക്കെ പലയിടത്തും പ്രശ്നമാണ്. സ്കൂൾ സമയത്ത് ആവശ്യാനുസരണം ബസുകളില്ലാത്തതും ഗ്രാമീണ റൂട്ടുകളെ ബസുകൾ അവഗണിക്കുന്നതുമെല്ലാം വിദ്യാർഥികളുടെ പഠനാന്തരീക്ഷത്തെ ബാധിക്കുന്നു.
മഴ കനത്താൽ കുരുമ്പൻമൂഴിയിലെ കുട്ടികൾക്ക് ‘അവധി’
മഴ ശക്തമാകുമ്പോൾ കുരുമ്പൻമൂഴി നിവാസികളുടെ മനസ്സിൽ ആധിയാണ്. പമ്പാനദിയിൽ ഒറ്റപ്പെട്ടു പോകുന്ന പെരുനാട് പഞ്ചായത്ത് അതിർത്തിയിലെ ഈ ആദിവാസി ഗ്രാമത്തിന് പിന്നീട് പുറംലോകവുമായി ബന്ധമുണ്ടാകില്ല. മഴക്കാലമായാൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമാണ്. മറുകര എത്തിയെങ്കിൽ മാത്രമേ കുട്ടികൾക്ക് ചാത്തൻതറ, വെച്ചൂച്ചിറ മേഖലകളിലെ സ്കൂളുകളിലേക്കു പോകാനാകൂ. കുട്ടികൾ അധികവും പഠിക്കുന്നത് ഈ സ്കൂളുകളിലാണ്. മറുകര എത്തിയാൽ സ്കൂൾ വാഹനം കിട്ടും. പക്ഷേ കോസ്വേ മുങ്ങിക്കിടക്കുകയാണെങ്കിൽ ഇതു സാധ്യമാകില്ല. ആശുപത്രിയിൽ പോകുന്നതടക്കം അടിയന്തര ആവശ്യങ്ങളും പ്രതിസന്ധിയിലാകുകയാണ് പതിവ്. കൃഷിയെയും കാലിവളർത്തലിനെയും ആശ്രയിച്ചുകഴിയുന്നവരുടെ ജീവനോപാധികളും എല്ലാ മഴക്കാലവും നഷ്ടമാക്കുന്നതും പതിവാണ്.
വാഗ്ദാനത്തിൽ ഒതുങ്ങി; വർഷത്തിൽ പാതിയും ഒറ്റപ്പെട്ടു
ഓരോ വർഷവും കുരുമ്പൻമൂഴിയുടെ ജീവിതദുരിതം അറിയാനെത്തുന്നവർ വാഗ്ദാനങ്ങൾ നൽകി മടങ്ങും. 2022ലെ പ്രളയകാലത്ത് എത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ കോസ്വേക്ക് പകരം ഇരുമ്പുപാലം നിർമിക്കുമെന്ന് നൽകിയ ഉറപ്പ് പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ഇരുമ്പുപാല നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം.
കോസ്വേയുടെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. വെള്ളം ഉയർന്നു നിൽക്കുന്ന ഘട്ടത്തിൽ കൈവരിയില്ലാത്തതിനാൽ യാത്ര കൂടുതൽ അപകടം നിറഞ്ഞതാകും. മൂന്നു വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട പ്രദേശങ്ങളാണ് കുരുമ്പൻമൂഴിയും മണക്കയവും. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതിക്കായി പമ്പാനദിയിൽ നിർമിച്ച തടയണ, കുരുമ്പൻമൂഴി, മണക്കയം വനമേഖലയിൽ താമസിക്കുന്നവർക്ക് ഇരുട്ടടിയായി മാറുകയായിരുന്നു. കുരുമ്പൻമൂഴി കോസ്വേക്ക് താഴെ തടയണ നിർമിച്ചതിനു പിന്നാലെ കോസ്വേ മുങ്ങുന്നത് പതിവ് കാഴ്ച്ചയായി. പെരിന്തേനരുവിയിൽ അടിഞ്ഞുകൂടുന്ന മണലാണ് പാലത്തെ സ്ഥിരം വെള്ളത്തിലാക്കുന്നത്.
വനമേഖലകളിൽ നിന്ന് ഒഴുകി വന്ന തടികളും ചപ്പുകളും കോസ്വേയിൽ അടിഞ്ഞുകൂടുകയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്ന ശേഷമാണ് ഇത്രയും പെട്ടന്ന് കോസ്വേ മുങ്ങുന്നതെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പ്രളയത്തിൽ ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.
ഡാമിന് മുകളിൽ കുറച്ചു ഭാഗത്തെ മണ്ണ് മാത്രമാണ് നീക്കം ചെയ്തത്. എന്നാൽ അടുത്ത വെള്ളം വരുമ്പോൾ മണ്ണ് മാറ്റിയ ഭാഗങ്ങൾ വീണ്ടും ചെളിയും മണ്ണും നിറയും. നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ കോസ്വേ പൂർണമായും മുങ്ങും. കോസ്വേ മുങ്ങുന്നതോടെ കുരുമ്പൻമൂഴി പ്രദേശത്തേക്കുള്ളപ്രധാന ഗതാഗത മാർഗ്ഗം തടസ്സപ്പെടും. കോസ്വേ മുങ്ങിയാൽ മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുരുമ്പൻമൂഴി കോസ്വേയിൽ തുടരെ വെള്ളം കയറുന്നതിനാൽ വർഷത്തിൽ പാതി ദിവസങ്ങളിലും ഒറ്റപ്പെടുന്ന സ്ഥിതിലാണ്.
ആവണിപ്പാറക്കാർ അച്ചൻകോവിലാർ കടക്കണം
അച്ചൻകോവിലാറിന്റെ മറുകരയിൽ കോന്നി താലൂക്കിലെ അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിജൻ കോളനിയിലെ കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്നത് കടത്തുവള്ളത്തിന്റെ സഹായത്തിലാണ്. അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയർന്നാൽ മണ്ണാറപ്പാറ വനമേഖലയിലെ ആവണിപ്പാറയിൽ കഴിയുന്ന കുടുംബങ്ങൾ ദുരിതത്തിലാണ്. 50ഓളം കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. കുട്ടികളേറെയും അച്ചൻകോവിൽ സ്കൂളിലാണ് പഠിക്കുന്നത്. അച്ചൻകോവിലാറ്റിൽ വെള്ളം കുറയുമ്പോൾ കുട്ടികൾക്ക് ഇറങ്ങിക്കയറി യാത്ര ചെയ്യാം.
നേരത്തെ കടവിൽ ഏർപ്പെടുത്തിയിരുന്ന ഫൈബർ വള്ളമുണ്ട്. ഇത് ശോച്യാവസ്ഥയിലായതോടെ പുതിയ ഒരെണ്ണം നൽകിയിരുന്നു. വള്ളം തുഴയാതെ കയറിൽ പിടിച്ച് മറുകരയിൽ എത്താനുള്ള സംവിധാനമാണുള്ളത്. ആവണിപ്പാറയിൽ പാലം പണിത് നാട്ടുകാരുടെ ദുരിതം അകറ്റുമെന്ന പ്രഖ്യാപനത്തിനാണ് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കോവിഡിനുശേഷം നിരത്തുകളിൽ ബസുകൾ കുറവ്
കോവിഡുകാലത്ത് നിർത്തിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പലതും പിന്നീട് പുനരാരംഭിക്കാത്തത് മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് വിദ്യാർഥികളാണ്. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകമായിരുന്നു. അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ബസ് സർവീസുകൾ പുന:ക്രമീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എങ്ങും എത്തിയിട്ടില്ല. കോവിഡ് ലോക് ഡൗൺ കാലത്തെ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും സർവീസ് നടത്തിയിരുന്ന നിരവധി ഗ്രാമീണ സർവീസുകൾ താൽക്കാലികമായി നിർത്തിയത്.
നിയന്ത്രണങ്ങൾ മാറുമ്പോൾ എല്ലാ സർവീസുകളും പുനരാരംഭിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും നാലുവർഷമായി ജനങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്. വിദ്യാർഥികൾക്ക് എല്ലാ റൂട്ടിലും കെ.എസ്.ആർ.ടി.സി കൺസഷൻ നൽകുന്നതുമില്ല.കോവിഡിനുശേഷം സ്വകാര്യ ബസുകളുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവു കാരണം പല റൂട്ടുകളും ഉടമകൾ ഉപേക്ഷിച്ചു. സ്വകാര്യ ബസുകളെയാണ് സ്കൂൾ കുട്ടികൾ ഏറെയും ആശ്രയിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലും ഗ്രാമീണറൂട്ടുകളിലുമാണ് ഇതുമൂലം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്നത്.ബസുകളുടെ കുറവുകാരണം കുട്ടികൾ അതി രാവിലെ ഇറങ്ങി മണിക്കൂറുകളോളം വൈകിയാണ് വീടുകളിൽ തിരിച്ച് എത്തുന്നത്.
നോവായി അഭിരാമി
2022 സെപ്റ്റംബറിൽ തെരുവുനായുടെ കടിയേറ്റ് മരിച്ച പെരുനാട് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിനി അഭിരാമി ഇന്നും സഹപാഠികളുടെയും അധ്യാപകരുടെയും മനസ്സിൽ വിങ്ങുന്ന ഓർമയാണ്. മൈലപ്ര സ്കൂളിലെ വിദ്യാർഥിനിയായിരുന്ന അഭിരാമി എന്നും സ്കൂളിലേക്കു വരുന്ന വഴിയിൽ വെച്ചാണ് നായ് ആക്രമിച്ചത്.
സംഭവ ദിവസം രാവിലെ വീട്ടിൽ നിന്നു പാൽ വാങ്ങുന്നതിനായി നടക്കുമ്പോൾ കുട്ടിയെ നായ് ആക്രമിക്കുകയായിരുന്നു. പെരുനാട് സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് ലഭിക്കാതെ വന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുരുന്നിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിരാമിയുടെ മരണത്തോടെ തെരുവുനായ നിയന്ത്രണ പദ്ധതികൾ സജീവമായതാണ്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതെല്ലാം അസ്തമിച്ചു.
നായെ ഭയക്കണം, ഇപ്പോൾ പുലിയും
നഗരത്തിലും ഗ്രാമത്തിലും സ്കൂൾ കുട്ടികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി തെരുവുനായ്ക്കളുടേതാണ്. നായ്ക്കളുടെ നിയന്ത്രണത്തിനായുള്ള പദ്ധതികൾ എല്ലാം പാളി. അവധിക്കാലം സ്കൂൾ പരിസരങ്ങൾ കൈയടക്കിയ തെരുവുനായ്ക്കൾ ഇപ്പോഴും വിട്ടുപോയിട്ടില്ല. സ്കൂൾ പരിസരത്ത് തമ്പടിച്ച നായ്ക്കൾ അവിടങ്ങളിൽ തന്നെ ചുറ്റിത്തിരിയുന്നത് കുട്ടികൾക്ക് ഭീഷണിയാണ്. ബസ് സ്റ്റാൻഡുകൾ, സ്റ്റോപ്പുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ കഴിഞ്ഞ വർഷം കുട്ടികളെ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
എ.ബി.സി പദ്ധതി പ്രകാരം തെരുവുനായ്ക്കളുടെ വർധന തടയാനുള്ള ശ്രമങ്ങൾ മുടങ്ങിയ അവസ്ഥയാണ്. തെരുവുനായ്ക്കൾക്കൊപ്പം ജില്ലയുടെ മിക്ക ഭാഗങ്ങളിലും കാട്ടുപന്നിയുടെയും ഇപ്പോൾ പുലി, കടുവ തുടങ്ങി വന്യജീവികളുടെയും ഭീഷണി നിലനിൽക്കുന്നു. നാട്ടിൻപുറങ്ങൾ താവളമാക്കിയ പന്നികൾ പൊതുനിരത്തുകളിൽ പോലും കണ്ടുവരുന്നു. രാവിലെയാണ് ഇവയുടെ സാന്നിധ്യം നിരത്തുകളിൽ കാണുന്നത്. കുട്ടികൾ രാവിലെ ബസ് കാത്തു നിൽക്കുമ്പോഴും ട്യൂഷനു പോകുമ്പോഴുമൊക്കെ കാട്ടുപന്നിയെയും ഭയക്കേണ്ട അവസ്ഥയിലാണ്.